കാട്ടാക്കട ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജു, കോളജിലെ എസ് എഫ് ഐ നേതാവ് വിശാഖ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്.
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടക്കേസിൽ പ്രതികളായ മുൻ പ്രിൻസിപ്പലിനും എസ് എഫ് ഐ നേതാവിനും മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിൽ ഇരുവർക്കുമെതിരെ ഗുരുതര പരാമർശങ്ങൾ. സത്യസന്ധതയില്ലാത്ത വഞ്ചനാപരമായ പെരുമാറ്റം പ്രഥമദൃഷ്ട്യ ദൃശ്യമാണെന്നും വിശാഖിന്റെ പേര് എന്തടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് അയച്ചുവെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നിരപരാധിയാണെന്ന വിശാഖിന്റെ വാദം അംഗീകരിക്കാനാകില്ല. സർവകലാശാലയ്ക്ക് പ്രിൻസിപ്പൽ അയച്ച രേഖയിൽ വിശാഖ് ഒപ്പിട്ടിട്ടുണ്ടെന്നിരിക്കെ നിരപരാധി വാദമെങ്ങനെ അംഗീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിൽ പറയുന്നു.
കാട്ടാക്കട ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജു, കോളജിലെ എസ് എഫ് ഐ നേതാവ് വിശാഖ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. പ്രതികളുടെ ആവശ്യപ്രകാരം ഇരുവരോടും അടുത്തമാസം നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനും നിർദേശിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലിലേക്ക് ജയിച്ച വിദ്യാർഥിനിക്ക് പകരമായി ആൾമാറാട്ടം നടത്തി വിശാഖിനെ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. ജയിച്ച വിദ്യാർഥിനി തൽസ്ഥാനം രാജിവച്ചെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചിരുന്നു.
ആൾമാറാട്ടത്തിൽ മുൻപ്രിൻസിപ്പലും എസ് എഫ് ഐ നേതാവ് വിശാഖും തമ്മിൽ പ്രഥമദൃഷ്ട്യാ കുറ്റകരമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഹർജികൾ തളളിയത്. വിശാഖിന്‍റെ പേര് എന്തടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റിക്ക് പ്രിൻസിപ്പൽ അയച്ചുവെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈ രേഖയിൽ വിശാഖ് ഒപ്പിട്ടിട്ടുമുണ്ട്. സത്യസന്ധതയില്ലാത്ത വഞ്ചനാപരമായ പെരുമാറ്റം പ്രതികളുടെ ഭാഗത്ത് നിന്ന് പ്രകടമാണെന്ന് നിരീക്ഷിച്ചാണ് ഹർജികൾ സിംഗിൾ ബെഞ്ച് തളളിയത്.

