കൊച്ചി: സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എല്‍ദോ എബ്രഹാം എംഎൽഎയും എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സംഘർഷത്തിൽ എല്‍ദോ എബ്രഹാം, പി രാജു ഉൾപ്പടെ കണ്ടാൽ അറിയാവുന്നവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റിന് സാധ്യത ഉണ്ടെന്നും തങ്ങൾക്ക് മുൻകൂർ ജാമ്യാപേക്ഷ വേണമെന്നും ആവശ്യപ്പെട്ട് എല്‍ദോ എബ്രഹാമും പി രാജുവും ഉൾപ്പടെ ഉള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജാമ്യാപേക്ഷ തള്ളുകയും അന്വേഷണവുമായി സഹകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനും ഇരുവരോടും കോടതി നിർദ്ദേശിച്ചു.

രണ്ട് പേരും ഉദ്യോ​ഗസ്ഥരുടെ മുൻപിൽ ഹാജരാവുന്നതിനൊപ്പം അവരുടെ ജാമ്യ ഹർജി സമർപ്പിക്കുകയും ചെയ്താൽ ഉടൻ പരി​ഗണിക്കാനുള്ള നിർദ്ദേശവും ഹൈക്കോടതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇരുവരും ചോദ്യം ചെയ്യലിനായി ഉദ്യോ​ഗസ്ഥരുടെ മുൻപിൽ ഹാജരായേക്കും.

നേരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റി അംഗം അൻസാർ അലിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. 

Read Also: ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷം; സിപിഐ പ്രവർത്തകന് ജാമ്യം

ജൂലൈ 23 നാണ് ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഐ, ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് വലിയ വിവാദമായിരുന്നു. എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഐ നേതാക്കള്‍ക്ക് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റിരുന്നു. പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചേർത്ത് എല്‍ദോ എബ്രഹാം, പി രാജു എന്നിവരടക്കം 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. 

Read More: ആക്രമിക്കാൻ വന്നത് കല്ലും കട്ടയും കുറുവടിയുമായി; സിപിഐ നേതാക്കൾക്കെതിരെ എഫ്ഐആര്‍