രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമം തുടരുന്നുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ദില്ലി : ക്രിസ്ത്യൻ സഭാ നേതാക്കന്മാർ പ്രധാനമന്ത്രിയെ അടക്കം കാണുകയും ക്രിസ്തുമസ് ക്ഷണിക്കുകയും ചെയ്യുമ്പോഴും ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികളോടുള്ള ബിജെപിയുടെ മനോഭാവത്തിൽ മാറ്റമില്ലെന്ന് കത്തോലിക്ക സഭ റായ്പൂർ അതിരൂപത വക്താവ് ഫാദർ സെബാസ്റ്റ്യൻ പൂമറ്റം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമം തുടരുന്നുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സഭാ നേതാക്കന്മാർ പ്രധാനമന്ത്രിയെ കാണുകയും ക്രിസ്തുമസിന് ക്ഷണിക്കുകയും ചെയ്യുന്നു. എന്നാൽ ക്രിസ്ത്യാനികളോടുള്ള അവരുടെ മനോഭാവത്തിൽ മാറ്റമില്ല. താഴെത്തട്ടിൽ മിഷണറി പ്രവർത്തനത്തിന് ഭീഷണിയുണ്ട്. ബിജെപി മതപരിവർത്തന നിരോധന നിയമം എവിടെ ഒക്കെ നടപ്പാക്കിയോ അവിടെ എല്ലാം പ്രശ്നങ്ങളുണ്ട്.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ 'ക്രെഡിറ്റ്' യുദ്ധത്തിൽ ഇടപെടാൻ സഭയില്ല. രാഷ്ട്രീയ പാർടികൾ അവരുടെ ഭാവിക്ക് വേണ്ടിയാണിത് ചെയ്യുന്നത്. സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കാര്യത്തിൽ കൂട്ടൂനിൽക്കുന്നില്ല. കന്യാസ്ത്രീകളുടെ കാര്യത്തിൽ സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സഹായം തേടിയിട്ടില്ല. വ്യക്തിപരമായി സഹായിക്കാൻ ചിലർ മുന്നോട്ട് വന്നു അവർ സഹായിച്ചു. ഇതിൽ പ്രത്യേക പാർട്ടിയെന്നില്ല. കന്യാസ്ത്രീകൾക്കെതിരായ മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നത് നിയമോപദേശം തേടിയതിന് ശേഷം മാത്രമായിരിക്കുമെന്നും ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


