തിരുവനന്തപുരം: ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും നാളെ നടക്കാനിരിക്കുന്ന വൈദ്യുതി ബില്ല് കത്തിക്കൽ സമരത്തിൽ മാറ്റമില്ലെന്ന് കെപിസിസി. , കെപിസിസിയുടെ ആഭിമുഖ്യത്തില്‍ നാളെ  വൈകിട്ട് വീട്ടമ്മമാര്‍ വൈദ്യുതി ബില്ല് കത്തിച്ച് പ്രതിഷേധിക്കും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് ആറിന് കെപിസിസി ആസ്ഥാനത്ത് നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

സംസ്ഥാന വ്യാപകമായി 10 ലക്ഷത്തോളം വീട്ടമ്മമാര്‍, ഈ സമരത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു. അമിത വൈദ്യുതി ബില്ലില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കലും ഇത് തൃപ്തികരമല്ലെന്നാണ് പാര്‍ട്ടിയുടെ  നിലപാട്. ഇന്നലെ രാത്രി മൂന്ന് മിനിട്ട് വൈദ്യുതി വിളക്കുകള്‍ അണച്ച് പ്രതിഷേധിച്ചതിന് പിന്നാലെയാണ് നാളെ വൈദ്യുതി ബില്‍ കത്തിക്കുന്നത്. 

എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലില്‍ , അധിക ഉപഭോഗത്തിന്, വിവിധ സ്ളാബുകളിലായി 20 മുതല്‍ 50 ശതമാനം വരെ  വരെ സബ്‍സിഡി നല്‍കും. ലോക്ക് ഡൗണ്‍ കാലത്ത് വൈദ്യതി ഉപഭോഗം വലിയ തോതില്‍ വര്‍ദ്ധിച്ചു. മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വൈകിയതു മൂലം നാലു മാസത്തെ ബല്ല് ഒരുമിച്ച് കിട്ടുന്ന സാഹചര്യമുണ്ടായി. താരിഫ് ഘടനയിലോ, വൈദ്യുതി നരിക്കിലോ മാറ്റം വരുത്തിയിരുന്നില്ല. എങ്കിലും വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശേം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് നിര്‍ണ്ണായക തീരുമാനമെടുത്തത്.

ഇതനുസരിച്ച് പ്രതിമാസം 40 യൂണിറ്റവരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴയുള്ള ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ സൗജന്യം അനുവദിക്കും. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ തുക വര്‍ദ്ധനവിന്‍റെ പകുതി സബ്‍സിഡി നല്‍കും. 100 യൂണിറ്റുവരെ 30 ശതമാനവും 150 യൂണിറ്റ് വരെ 25 ശതമാനവും ഇളവുണ്ടാകും. 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗത്തിന്‍റെ 20 ശതമാനമായിരിക്കും സബ്‍സിഡി.