ദില്ലി: പാലക്കാട് കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന് കേന്ദ്രം. റെയിൽ കോച്ചുകളുടെ ആവശ്യകത കണക്കിലെടുക്കുമ്പോൾ പുതിയ ഫാക്ടറികളുടെ ആവശ്യമില്ലെന്നും റെയിൽ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ക‌ഞ്ചിക്കോട് പദ്ധതി നടപ്പാക്കണമെന്ന് വര്‍ഷങ്ങളായി കേരളം കേന്ദ്രത്തിലും റെയില്‍വേ മന്ത്രാലയത്തിലും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും പദ്ധതി പരിഗണിക്കപ്പെട്ടിരുന്നില്ല. 

നിലവില്‍ എത്ര റെയിൽ കോച്ചുകൾ എത്ര ആവശ്യമുണ്ടെന്ന് അടുത്തിടെ കേന്ദ്ര സർക്കാർ പരിശോധിച്ചു. രാജ്യത്ത് ഭാവിയിൽ എത്ര കോച്ചുകൾ ആവശ്യമായി വരും എന്ന കണക്കെടുത്തു. പുതിയ കോച്ച് ഫാക്ടറികൾ ആവശ്യമില്ല എന്നതാണ് ഇപ്പോഴത്തെ നിഗമനം. അതിനാൽ കോച്ച് ഫാക്ടറിയുടെ നിർമ്മാണം തുടങ്ങേണ്ട സാഹചര്യമില്ലെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു. രമ്യ ഹരിദാസ്, ബന്നി ബഹന്നാൻ എന്നിവരുടെ ചോദ്യത്തിനാണ് റെയിൽമന്ത്രി പിയൂഷ് ഗോയൽ രേഖാമൂലം മറുപടി നല്‍കിയത്. 

കേരളത്തിലും തമിഴ്നാട്ടിലും നടപ്പ് പദ്ധതികൾ പൂർത്തിയാക്കാൻ 2317 കോടി രൂപ അനുവദിച്ചതായും മന്ത്രി പറയുന്നു. കോച്ച് ഫാക്ടറി ഉപേക്ഷിക്കും എന്ന സൂചന കഴിഞ്ഞ വർഷവും റെയില്‍വേ മന്ത്രാലയം നല്‍കിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി 
റെയില്‍വേമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം ഇനി എന്തിന് ഉപയോഗിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2008-ലാണ് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി കേന്ദ്രം പ്രഖ്യാപിച്ചത്. ഫാക്ടറിക്ക് തറക്കല്ലിട്ടത് 2012-ലാണ്. പദ്ധതിക്ക് വേണ്ട സ്ഥലം സംസ്ഥാന സർക്കാരാണ് ഏറ്റെടുത്തു നല്‍കിയത്.