കയ്യിൽ  പണമില്ലെന്ന് സര്‍ക്കാരിന്‍റെ മറുപടി.കേന്ദ്ര വിഹിതം കിട്ടിയാലേ പണം നൽകാനാവൂ എന്നും ന്യായം  

ആലപ്പുഴ: നെല്‍കര്‍ഷകര്‍ക്ക് പിന്നാലെ താറാവ് കര്‍ഷകരെയും വഞ്ചിച്ച് സംസ്ഥാന സര്‍ക്കാര്‍. പക്ഷിപ്പനിയെതുടര്‍ന്ന് കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. വട്ടിപ്പലിശക്ക് വായ്പയെടുത്ത് താറാവ് കൃഷിക്കിറങ്ങിയ കുടുംബങ്ങള്‍ കടക്കെണിയില്‍ പെട്ട് ദുരിതത്തിലാണ് .ആലപ്പുഴ ജില്ലയിൽ മാത്രം ഒന്നരക്കോടി നൽകാനിരിക്കെ ,കയ്യില്‍ പണമില്ലെന്നാണ് സര്‍ക്കാരിന്‍റെ മറുപടി

രോഗം വന്ന് ചത്ത് താറാവുകള്‍ക്ക് പണം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കൊന്ന താറാവിന് 200 രൂപ വെച്ച് നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം.. പക്ഷെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപപോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.ആലപ്പുഴ ജില്ലയില്‍മാത്രം 66 കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നല്‍കേണ്ടത് ഒന്നേകാല്‍ കോടി രൂപയാണ് . കരുമാടിയില്‍ 8700 താറാവുകളെ കൊന്ന ഒരു കൃഷിക്കാരന് കിട്ടേണ്ടത് 17 ലക്ഷം രൂപ. നഷ്ടപരിഹാരത്തില്‍ 60 ശതമാനം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കേന്ദ്ര ഫണ്ട് കിട്ടിയാലേ കര്‍ഷകര്‍ക്ക് പണം നല്‍കാനാവൂ എന്നുമാണ് മൃഗസംരക്ഷണവകുപ്പിന്‍റെ ന്യായീകരണം. എന്നാല്‍ താല്‍ക്കാലിക ആശ്വാസമമെന്ന നിലയില്‍സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം നല്‍കിക്കൂടെ എന്ന ചോദിച്ചാല്‍ കൈയില്‍ നയാ പൈസയിലെന്നാണ് മറുപടി. ഇതിന്‍റെയെല്ലാം ദുരിതംപേറേണ്ടത് കുടുംബം പുലര്‍ത്താന്‍ താറാവ് കൃഷിക്കിറങ്ങിയ കര്‍ഷകരാണ്.

പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം എവിടെ ? | Duck Farmers | Bird flu