കോട്ടയം: കേരളാ കോണ്‍ഗ്രസ് തര്‍ക്കം തീര്‍ക്കാൻ യുഡിഎഫ് നേതൃത്വം നാളെ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തും. പാലാ ഉപതിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും തര്‍ക്കമൊഴിവാക്കാനാണ് ശ്രമം. എന്നാൽ ചെയര്‍മാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്‍റെയും നിലപാട്. തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാൻ ജോസ് കെ മാണി നാളെ തൊടുപുഴ കോടതിയെ സമീപിക്കും.

ജോസ് കെ മാണിയുമായി നാളെ തിരുവനന്തപുരത്താണ് ചര്‍ച്ച. പാലാ ഉപതിരഞ്ഞെടുപ്പ് വരെയെങ്കിലും തര്‍ക്കം ഒഴിവാക്കാൻ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുമ്പോൾ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏതു ചിഹ്നത്തിൽ പാലായിൽ മല്‍സരിക്കുമെന്ന കാര്യത്തിൽ  പോലും  തര്‍ക്കമാണ്. രണ്ടില നല്‍കില്ലെന്ന് ജോസഫ്. ജോസ് കെ മാണിയുടെ മറുപടി ഇങ്ങനെ:

''ഇതുവരെ ചർച്ചയ്ക്ക് ക്ഷണം കിട്ടിയിട്ടില്ല. വിളി വരട്ടെ, എന്നിട്ട് നോക്കാം. രണ്ടിലച്ചിഹ്നം നൽകുന്നത് ഒരു വ്യക്തിയല്ലല്ലോ, തെരഞ്ഞെടുപ്പ് കമ്മീഷനല്ലേ? അത് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ തീരുമാനിക്കട്ടെ. സമവായത്തിന് കേരളാ കോൺഗ്രസ് ഒരിക്കലും എതിരല്ല. ഒന്നിച്ചു നിൽക്കണം എന്ന് തന്നെയാണ് ഞങ്ങൾ പറയുന്നത്''

ജോസ് കെ മാണി അനുകൂലികള്‍ കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നു. സമവായത്തിന് യുഡിഎഫ് ശ്രമിക്കുമ്പോൾ കേരള കോണ്‍ഗ്രസിന്‍റെ പോഷക സംഘടനകള്‍  ഒന്നൊന്നായി പിളരുകയാണ്. കേരള കോണ്‍ഗ്രസ് വനിതാ വിഭാഗവും പിളര്‍ന്നു. അധ്യക്ഷ ഷീലാ സ്റ്റീഫൻ പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലാ പ്രസിഡന്‍റിനെ പി.ജെ ജോസഫ് മാറ്റി. വിക്ടര്‍ തോമസിനെ പ്രസിഡന്‍റാക്കി. സമാന്തര യോഗങ്ങളും  തുടരുന്നു.