Asianet News MalayalamAsianet News Malayalam

40 വർഷത്തിനിടയില്‍ കർണാടകത്തിൽ അധികാര തുടര്‍ച്ച ഉണ്ടായിട്ടില്ല; ചരിത്രം ബിജെപി തിരുത്തുമോ?

കോൺഗ്രസ് പഴയ കോട്ട തിരിച്ച് പിടിക്കുമോ?കുമാരസ്വാമി കിങ് മേക്കറാകുമോ? ഇനിയുള്ള ഒരു മാസക്കാലത്തെ പ്രചാരണം അതിനുള്ള ഉത്തരം നൽകും

No continuous victory for Ruling party in karnataka in last 40 years, will the history change?
Author
First Published Mar 29, 2023, 12:44 PM IST

ബെംഗളൂരു: രാഷ്ട്രീയ കരുനീക്കങ്ങളുടെ 'കർനാടക'ത്തിനാകും ഇനി കർണാടകം സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ, ഇനിയൊരു സഖ്യത്തിനില്ലെന്നുറപ്പിച്ച് പരസ്പരം മത്സരിക്കുകയാണ് കോൺഗ്രസും ജെഡിഎസ്സും. കടുത്ത ധ്രുവീകരണ നീക്കങ്ങളുമായി കളം നിറയുന്ന ബിജെപിക്ക് ദക്ഷിണേന്ത്യയിലെ ഏക അധികാര കേന്ദ്രം തിരിച്ച് പിടിക്കുകയെന്നത് നിർണായകമാണ്. രാഹുലിന്‍റെ അയോഗ്യത പാർട്ടിക്ക് മുന്നിൽ നീറുന്ന പ്രശ്നമായി നിലനിൽക്കേ, കർണാടക വീണ്ടെടുക്കുകയെന്നത് കോൺഗ്രസിന് അഭിമാനപ്രശ്നമാണ്. ബിജെപിക്ക് തക്ക മറുപടി കൊടുക്കാൻ കർണാടകയിലെ ജയം ഉറപ്പാക്കാനാണ് ഹൈക്കമാൻഡ് കോൺഗ്രസ് നേതൃത്വത്തിന് കൊടുത്തിരിക്കുന്ന കർശനനിർദേശം.

 

ദേശീയനേതൃത്വത്തേക്കാൾ പ്രാദേശിക നേതൃത്വം സ്വാധീനം ചെലുത്തുന്ന, ഒരു കാലത്ത് കോൺഗ്രസിന്‍റെ കോട്ടയായിരുന്ന കർണാടക തിരിച്ച് പിടിച്ചാൽ വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അത് പാർട്ടിക്ക് പുത്തനുണർവ് നൽകും. തൽക്കാലം മുഖ്യമന്ത്രി പദവിയച്ചൊല്ലിയുള്ള തർക്കമെല്ലാം മാറ്റി വച്ച് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും പാർട്ടി വേദികളിൽ ഒന്നിച്ചെത്തുന്നുണ്ട്. പക്ഷേ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സീറ്റ് മോഹികൾക്ക് കൂടുതൽ സീറ്റ് നൽകിയാൽ കഴിഞ്ഞ തവണത്തേത് പോലെ വിമതശല്യം ഇത്തവണയും കോൺഗ്രസിന് വെല്ലുവിളിയാകും. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ എംപിമാർ ബിജെപിക്കുള്ളത് കർണാടകയിൽ നിന്നാണ്. 26 പേർ. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ഭൂരിപക്ഷം നിലനിർത്തുകയെന്നത് ലോക്സഭയിലെ ആധിപത്യം നിലനിർത്താൻ ബിജെപിക്ക് നിർണായകമാണ്.

അഴിമതിയാരോപണങ്ങളിൽ വലയുന്ന ബിജെപിയെ കര കയറ്റാൻ മാസം ആറും ഏഴും തവണ കർണാടകത്തിലെത്തുന്നു അമിത് ഷായും നരേന്ദ്രമോദിയും. ജെഡിഎസ്സാകട്ടെ ഓൾഡ് മൈസുരു മേഖലയിലെ ആധിപത്യം തുടർന്നാൽ വീണ്ടും കിങ് മേക്കറാകാമെന്ന പ്രതീക്ഷയിലാണ്. പക്ഷേ ഹാസൻ അടക്കമുള്ള സീറ്റുകളെച്ചൊല്ലി കുടുംബത്തിൽത്തന്നെയുള്ള തമ്മിലടി തീർക്കാൻ വിശ്രമത്തിൽ കഴിയുന്ന ദേവഗൗഡ നേരിട്ട് ഇടപെടേണ്ട സ്ഥിതിയാണ്. അധികാരത്തിലിരിക്കുന്ന സർക്കാരുകൾക്ക് വീണ്ടും അധികാരത്തിൽ വരാൻ കഴിയാത്ത സ്ഥിതി വിശേഷത്തെയാണ് തെരഞ്ഞെടുപ്പുകളെക്കുറിച്ച് പഠിക്കുന്ന സെഫോളജിയിൽ റിവോൾവിംഗ് ഡോർ പ്രതിഭാസമെന്ന് പറയുക. കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ വീണ്ടുമൊരു സർക്കാരിന് കർണാടകത്തിൽ അധികാരം നേടാനായിട്ടില്ല. ആ ചരിത്രം ബിജെപി തിരുത്തുമോ? അതോ കോൺഗ്രസ് പഴയ കോട്ട തിരിച്ച് പിടിക്കുമോ? കുമാരസ്വാമി കിങ് മേക്കറാകുമോ? ഇനിയുള്ള ഒരു മാസക്കാലത്തെ പ്രചാരണം അതിനുള്ള ഉത്തരം നൽകും.

.............

Follow Us:
Download App:
  • android
  • ios