Asianet News MalayalamAsianet News Malayalam

കർഫ്യുവിൽ രാത്രി പരിശോധന കർശനമാക്കും, വാരാന്ത്യ ലോക്ക് ഡൗണില്ല, തീവ്രമേഖലകളിൽ എല്ലാവർക്കും ടെസ്റ്റ് നടത്തും

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയ‍ർന്ന് നിൽക്കുന്ന ത​ദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ താമസിക്കുന്ന എല്ലാവരേയും കൊവിഡ് പരിശോധനകൾക്ക് വിധേയരാക്കും.

no covid lock down in kerala
Author
Thiruvananthapuram, First Published Apr 20, 2021, 2:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും തത്കാലം വരാന്ത്യലോക്ക് ഡ‍ൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ‍ർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതലസമിതി യോ​ഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 

അതേസമയം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയ‍ർന്ന് നിൽക്കുന്ന ത​ദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ താമസിക്കുന്ന എല്ലാവരേയും കൊവിഡ് പരിശോധനകൾക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവ‍രേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.

ഇതോടൊപ്പം രണ്ടാം തരം​ഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും. വൈറസിൻ്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനാണ് യോ​ഗത്തിലെ തീരുമാനം. കൊവിഡ് രോ​ഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുതിച്ചുയർന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോ​ഗത്തിലുണ്ടായ വിലയിരുത്തൽ.

ഇന്ന് മുതൽ കർഫ്യു നിലവിൽ വരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാൻ പൊലീസിനും യോഗം നിർദേശം നൽകിയിട്ടുണ്ട്. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു ആളുകൾ അനാവശ്യമായി റോഡിൽ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം.  സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സ‍ർക്കാരിൻ്റെ പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios