Asianet News MalayalamAsianet News Malayalam

തരംപോലെ നിലപാട് മാറ്റം: ഭൂമി തരംമാറ്റൽ അപേക്ഷകളിൽ തീരുമാനമില്ല,ദുരിതത്തിലായി സാധാരണക്കാ‍‍ര്‍

ഫോർട്ട് കൊച്ചി ആർടിഒ ഓഫീസിൽ 11,000 ത്തിലേറെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു.ഇതുകൂടാതെ 7000പേർ ഓൺലൈനായും കാത്തിരിക്കുന്നു

No decision on land reclassification applications
Author
First Published Dec 6, 2022, 7:36 AM IST

കൊച്ചി : എറണാകുളം പറവൂരിലെ മത്സ്യത്തൊഴിലാളി സജീവന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭൂമി തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല.സംഭവത്തിൽ ഏറെ പഴികേട്ട ഫോർട്ട് കൊച്ചി ആർഡിഒ ഓഫീസിൽ ഇപ്പോഴും കെട്ടിക്കിടക്കുന്നത് 11,000 അപേക്ഷകൾ.അഞ്ച് സെന്‍റിൽ താഴെ ഭൂമിയുള്ളവരുടെ അടിയന്തര ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന
ജില്ല ഭരണകൂടത്തിന്‍റെ വാഗ്ദാനവും വെറുതെയായി.

ദുഷിച്ച ഭരണസംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് കാരണമെന്ന് ആത്മഹത്യകുറിപ്പെഴുതി സജീവൻ മരിച്ചിട്ട് പത്ത് മാസം പിന്നിടുന്നു. നാല് സെന്‍റ് ഭൂമി തരംമാറ്റുന്നതിന് ഒരു വർഷം സർക്കാർ ഓഫീസ് കയറി ഇറങ്ങി മനംമടുത്താണ്, കടക്കെണിയിലായിരുന്ന സജീവൻ വീട്ടുമുറ്റത്തെ പുളി മരത്തിൽ തൂങ്ങി മരിച്ചത്. സജീവന്‍റെ ആത്മഹത്യാ കുറിപ്പ് വലിയ ചർച്ചയായി. ഭൂമിതരം മാറ്റൽ അപേക്ഷകൾ ആറ് മാസത്തിനകം മുൻഗണന നൽകി പരിഹരിക്കുമെന്ന് റവന്യു മന്ത്രിയുടെ പ്രഖ്യാപനവുമെത്തി.

എന്നിട്ടും ഒന്നും സംഭവിച്ചില്ല. അതിന് തെളിവാണ് വിജിയും ഓട്ടോ തൊഴിലാളിയായ ഭർത്താവ് അജയനും . ആത്മഹത്യ ചെയ്ത സജീവന്‍റെ വീട്ടിൽ നിന്നും ഒരു തോട് അപ്പുറം താമസിക്കുന്നവർ. ആറ് സെന്‍റ് ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷയുമായി ഒരു വർഷത്തിലധികമായി ഫോർട്ട് കൊച്ചി ആർടിഒ ഓഫീസ് ഇവർ കയറി ഇറങ്ങുന്നു. മകളുടെ ഉറപ്പിച്ച വിവാഹം നടത്തണം. വീട് പണിതത്തിന്‍റെ എട്ട് ലക്ഷം രൂപ കടം വീട്ടണം. എന്നാൽ ഭൂമി തരംമാറ്റൽ വൈകുന്നതിനാൽ വില്പന നടക്കുന്നില്ല. രണ്ട് തവണ മകളുടെ വിവാഹതിയതി മാറ്റിവയ്ക്കേണ്ടി വന്നു.

വിജിയേയും അജയനേയും പോലെ ദുരിതത്തിലായ ആളാണ് റിജോയ്.കൊവിഡിനെ തുടർന്ന് ഗൾഫിലെ ജോലി വിട്ട് റിജോയ് നാട്ടിലെത്തിയിട്ട് മൂന്ന് വർഷമായി. സ്വന്തം പേരിലുള്ള 30 സെന്‍റ് ഭൂമി പണയപ്പെടുത്തി ഒരു ലോൺ എടുത്ത് പുതിയ സംരംഭം തുടങ്ങണമെന്നായിരുന്നു സ്വപ്നം.എന്നാൽ രണ്ടരവർഷമായിട്ടും ഭൂമിതരം മാറ്റി കിട്ടിയിട്ടില്ല.

ഫോർട്ട് കൊച്ചി ആർടിഒ ഓഫീസിൽ നിലവിലുള്ള 11,000 ത്തിലേറെ അപേക്ഷകരിൽ മൂന്ന് പേരുടെ അവസ്ഥ മാത്രമാണ് ഈ കണ്ടത്. ഇവരെ പോലെ നേരിട്ട് അപേക്ഷ നൽകിയവരെ കൂടാതെ 7000പേർ ഓൺലൈനായും കാത്തിരിക്കുന്നു. സജീവന്‍റെ മരണത്തെ തുടർന്ന് പ്രദേശത്തെ ജാഗ്രത സമിതി ജില്ല കളക്ടർക്ക് നൽകിയ 130 അപേക്ഷകരിൽ ഒരാളുടെ മാത്രമാണ് ഭൂമി തരം മാറ്റി കിട്ടിയത്.അതും ഓഫീസിൽ ആത്മഹത്യ ഭീഷണി മുഴക്കിയതിന്‍റെ പേരിൽ

ഭൂമി തരംമാറ്റൽ;അപേക്ഷകളിൽ 6മാസത്തിനകം നടപടി; കൂടുതൽ ഉദ്യോ​ഗസ്ഥരെ നിയമിക്കും-റവന്യുമന്ത്രി കെ.രാജൻ

Follow Us:
Download App:
  • android
  • ios