തിരുനെൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക് ഫൈബർ വള്ളവുമായി പോയ പിക്കപ്പ് വാഹനം തൃശ്ശൂരിൽ പിടിയിലായി. ഫിറ്റ്നസ്, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ അപകടകരമായ രീതിയിൽ ലോഡ് കയറ്റിയതിന് 27500 രൂപ പിഴ ചുമത്തി
തൃശൂർ: തിരുനെൽവേലിയിൽ നിന്നും ബേപ്പൂരിലേക്ക് ഫൈബർ വള്ളവുമായി പോയ തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള പിക്കപ്പ് വാഹനം തൃശ്ശൂർ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം തടഞ്ഞ് പിഴ ചുമത്തി. പിക്കപ്പ് വാഹനത്തിന് ഫിറ്റ്നസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇൻഷുറൻസും ഉണ്ടായിരുന്നില്ല. പിക്കപ്പ് വാഹനത്തേക്കാൾ ഇരട്ടിയിലേറെ നീളമുള്ള ബോട്ട് മുകളിൽ കെട്ടിവച്ചാണ് വാഹനം അതിർത്തി കടന്ന് കോഴിക്കോട് എത്തിയത്.
തിരുനൽവേലിയിൽ നിന്ന് ബേപ്പൂരിലേക്ക് പോവുകയായിരുന്നു വാഹനം. ബേപ്പൂർ സ്വദേശി സി. പി. മുഹമ്മദ് നിസ്സാമിൻ്റെയാണ് ബോട്ട്. തിരുനെൽവേലി സ്വദേശിയുടേതാണ് പിക്കപ്പ് വാഹനം. മുന്നിലേക്കും പുറകിലേക്കും വശങ്ങളിലേക്കും തള്ളി നിൽക്കുന്ന രീതിയിലാണ് പിക്കപ്പ് വാഹനത്തിൽ ബോട്ട് കെട്ടിവച്ചിരുന്നത്. വാഹനം വളവുകൾ തിരിയുമ്പോൾ മറിയാനുള്ള സാധ്യതയും കണ്ടു.
ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ പിവി ബിജു പിക്കപ്പ് വാഹനത്തിന് 27500 രൂപ പിഴ ചുമത്തി. പുറത്തേക്ക് തള്ളി നിൽക്കുന്ന ലോഡ് കയറ്റിയതിന് 20000 രൂപയാണ് പിഴ. ഫിറ്റ്നസില്ലാത്ത വാഹനം ഓടിച്ചതിന് 3000 രൂപയും ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും പൊല്ലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്. പിന്നീട് ബോട്ട് വലിയ ലോറിയിലേക്ക് മാറ്റി കയറ്റി കൊണ്ടുപോകുവാൻ ആർടിഒ നിർദേശം നൽകി.
