Asianet News MalayalamAsianet News Malayalam

മേൽപ്പാലമില്ലാത്ത ജംഗ്ഷനുകൾ; അപകടങ്ങൾ വന്നുകയറുന്ന ഇടറോഡുകൾ

വെറും 13 കിലോമീറ്ററിൽ 57 ഇടറോഡുകളാണ് ബൈപ്പാസിലേക്ക് നേരിട്ട് പ്രവേശിക്കുന്നത്. ഇടറോഡുകളുണ്ടെന്ന മുന്നറിയിപ്പുമായി ബൈപ്പാസിൽ സൈന്‍ ബോര്‍ഡുകളില്ല. വേഗനിയന്ത്രണ സംവിധാനങ്ങളുമില്ല

no fly over and service roads in kollam bypass, kollam bypass accidents
Author
Kollam, First Published Jun 30, 2019, 11:39 AM IST

കൊല്ലം: കൊല്ലം ബൈപ്പാസിന് സര്‍വീസ് റോഡുകളില്ല. പ്രധാന ജംഗ്ഷനുകളിൽ മേല്‍പ്പാലവുമില്ല. ഇതോടെ വെറും 13 കിലോമീറ്ററിൽ 57 ഇടറോഡുകളാണ് ബൈപ്പാസിലേക്ക് നേരിട്ട് പ്രവേശിക്കുന്നത്. ഇടറോഡുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും ബൈപ്പാസിനെ അപകടപാതയാക്കുന്നു.

47 വര്‍ഷം മുമ്പത്തെ രൂപരേഖ. സമാന്തര റോഡില്ല. കുത്തനെയുള്ള ഇടറോഡുകള്‍ നേരെ വന്നു ചേരുന്നതോ ബൈപ്പാസിലേയ്ക്കും. ചിലയിടങ്ങളിൽ ഇടറോഡുകളെക്കാള്‍ ഉയരത്തിലാണ് ബൈപ്പാസ് എന്നത് വലിയ അപകടമാണുണ്ടാക്കുന്നത്. ഇടറോഡുകളുണ്ടെന്ന മുന്നറിയിപ്പുമായി ബൈപ്പാസിൽ സൈന്‍ ബോര്‍ഡുകളുമില്ല. വേഗനിയന്ത്രണ സംവിധാനങ്ങളുമില്ല.

ബൈപാസിലെ പ്രധാന ജംഗ്ഷനുകളാണ് കല്ലും താഴവും അയത്തിലും. രണ്ടിടത്തും പകൽ മുഴുവൻ നീളുന്ന ഗതാഗതക്കുരുക്കാണുള്ളത്. ദേശീയപാതയും ബൈപ്പാസും ചേരുന്ന ഇടമാണ് കല്ലുംതാഴം. ദേശീയപാതയ്ക്ക് ഒട്ടും വീതിയില്ലാത്ത ഇടം. സിഗ്നലിനോട് തൊട്ടടുത്ത് ബസ് സ്റ്റോപ്പും. സംസ്ഥാന പാതയും ബൈപാസും ചേരുന്ന അയത്തിൽ ജംഗ്ഷനിലും സമാന സ്ഥിതിയാണ്. റോഡിന്‍റെ ഉയരവും സിഗ്നലും പ്രശ്നമാവുകയും ചെയ്യുന്നു.

കല്ലും താഴത്തും അയത്തിലും മേല്‍പ്പാലം നിര്‍മിക്കൽ മാത്രമാണ് ശാശ്വത പരിഹാരം. ജംഗ്ഷനുകള്‍ക്ക് വീതി കൂടുകയും വേണം. ബൈപ്പാസ് നാലു വരിയാക്കുമ്പോൾ എല്ലാം ശരിയാകുമെന്നാണ് അധികൃതരുടെ മറുപടി. ബൈപ്പാസിനായി നാലു പതിറ്റാണ്ട് കാത്തിരുന്നെങ്കിൽ നാലുവരിക്ക് എത്ര നാള്‍ കാത്തിരിക്കണമെന്നാണ് കൊല്ലത്തിന്‍റെ മറുചോദ്യം.

Follow Us:
Download App:
  • android
  • ios