തിരുവനന്തപുരത്ത് സ്ത്രീകൾക്കുള്ള സൗജന്യയാത്ര നിഷേധിക്കാൻ ഓർഡിനറി ബസുകളിൽ 'സിറ്റി ഫാസ്റ്റ്' സ്റ്റിക്കർ പതിപ്പിക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നു. എന്നാൽ, സൗജന്യയാത്ര ലഭ്യമല്ലാത്ത സിറ്റി ഫാസ്റ്റ് ബസുകൾ യാത്രക്കാർക്ക് തിരിച്ചറിയാനാണ് സ്റ്റിക്കർ പതിപ്പിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ വിശദീകരിക്കുന്നു.
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ സൗജന്യയാത്ര ലഭ്യമല്ലാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതായി ആക്ഷേപം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലും പരിസരങ്ങളിലും പാർക്ക് ചെയ്തിരുന്ന ബസുകളിലാണ് സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതെന്നും ഇത് സൗജന്യ യാത്രാ പദ്ധതി നിഷേധിക്കാനാണെന്നുമാണ് ആക്ഷേപം. എന്നാൽ, കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ സിറ്റി ഫാസ്റ്റ് സർവീസിൽ ഇത് ലഭിക്കില്ലെന്നും യാത്രക്കാർ ഈ ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിപ്പിച്ചിരിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
സിറ്റി ഡിപ്പോയിൽ 34 ഓർഡിനറി ബസുകളാണുള്ളത്. ഇതിൽ 32 ഇലട്രിക് ബസും 2 ഡീസൽ ബസുകളുമാണ്. ഇവയിലെല്ലാം പെയിന്‍റ് ഉപയോഗിച്ച് "പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര'യെന്ന് രേഖപ്പെടുത്തിട്ടുണ്ട്. ഇത് കൂടാതെ 47 സിറ്റി ഫാസ്റ്റ് ബസ് നേരത്തെ മുതൽ സർവീസ് നടത്തുന്നത് അതുപോലെ തുടരുകയാണെന്നും അവയിൽ മാത്രമാണ് സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നും സിറ്റി ഡിപ്പോ അധികൃതർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. നിലവിൽ ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്‍റ് ടു പോയിന്‍റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുന്നത്. എന്നാൽ ഫാസ്റ്റ് പാസഞ്ചർ-സൂപ്പർ ക്ലാസ് ബസുകളിലും തിരുവനന്തപുരം നഗരത്തിലെ സിറ്റി ഫാസ്റ്റിലും സൗജന്യയാത്ര ലഭ്യമല്ല.
ജില്ലയിലാകെ 687 ഓർഡിനറി ബസുകൾ
നിലവിൽ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകൾ കൂടാതെ ജില്ലയിലാകെ 687 ഓർഡിനറി ബസ്സുകളും സർവിസ് നടത്തി വരുന്നു. സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി വിഭാഗം സർവീസുകൾക്കു മാത്രമാണ് ബാധകമായത്. സിറ്റി ഫാസ്റ്റ് സർവീസുകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ല. തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് ഓർഡിനറി സർവീസുകൾക്കു പുറമേ സിറ്റി ഫാസ്റ്റ് സർവീസുകൾ വ്യാപകമായി ഓപ്പറേറ്റ് ചെയ്യുന്നത്. 2022 ഏപ്രിൽ 30ലെ ഏറ്റവും പുതിയ സർക്കാർ നിരക്ക് വിജ്ഞാപനപ്രകാരം, സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 12 രൂപ ആയും കിലോമീറ്ററിന് 1.03 രൂപ എന്ന നിരക്കിലുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, സിറ്റി ഓർഡിനറി സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരു രൂപയുമാണ്.


