പത്തനംതിട്ട: ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ഇക്കുറി സൗജന്യ ഭക്ഷണമില്ല. സർക്കാർ പണം നൽകാത്തതിനാൽ ജോലി ചെയ്യുന്ന പൊലീസുകാരിൽ നിന്നും പണം വാങ്ങി മെസ്സു നടത്താൻ ഉത്തരവിറങ്ങി.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് പൊലീസ് മെസ്സുകള്‍ പ്രവർത്തിക്കുന്നത്. മണ്ഡല-മകര വിളക്ക് കാലത്ത് ഇവിടെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് മൂന്നു നേരവും മെസ്സിൽ നിന്നും സൗജന്യമായാണ് ഭക്ഷണം. ഇതിനായി സർക്കാർ മണ്ഡലകാത്തിനു മുമ്പേ ഡിജിപിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാറുണ്ട്. 2011 മുതലാണ് സർക്കാർ തന്നെ പൊലീസുകാരുടെ ഭക്ഷണത്തിന് പണം നൽകി തുടങ്ങിയത്. അന്ന് നൽകിയത് 75 ലക്ഷം രൂപയാണ്. ഓരോ വ‍ർഷവും വർദ്ധിപ്പിച്ചു. 

ഇക്കുറി കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ 350 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചത്. ഇവർക്കാവശ്യമായ പണം പോലും അനുവദിച്ചില്ല. ഇതേ തുടർന്നാണ് മെസ്സ് നടത്തിപ്പിന് പൊലീസുകാർ തന്നെ പണം നൽകണമെന്ന് മെസ്സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമാണ്ടൻ്റ് ഉത്തരവിരക്കിയത്. ഉത്തരവിലും പിഴവ് കടന്നു കൂടി. സർക്കാർ പണം അനുവദിക്കാത്തതിന് ദേവസ്വം ബോർഡ് പണം അനുവദിച്ചില്ലെന്നാണ് ഉത്തരവിൽ ചൂണ്ടികാട്ടുന്നത്. സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കി മെസ്സ് നടത്തുന്നതിൽ സേനയിൽ വൻ അമർഷമുണ്ട്. 

ബറ്റാലിയന് സർക്കാർ അനുവദിച്ച് പണം കൊണ്ട് നിലവിൽ മെസ്സ് തുടങ്ങിയിട്ടുണ്ടെങ്കിലും സർക്കാർ സഹായം ലഭിക്കാത്തിനാൽ പൊലീസുകാരിൽ നിന്നും പണം വാങ്ങാതെ മെസ്സ് നടത്തികൊണ്ടുപോകാനാവില്ലെന്ന് ബറ്റാലിയൻ എഡിജിപി കെ പത്മകുമാർ പറഞ്ഞു.