'ഇടത് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാർത്ഥിയായത് കൊണ്ട് മാത്രമാണ്. മിത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ സിപിഎം നേതാവും സ്പീക്കറുമായ എഎൻ ഷംസീറിന് മാപ്പില്ല'.

തിരുവനന്തപുരം : മിത്തു വിവാദത്തിൽ എൻഎസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇടത് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാർത്ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാർത്ഥികൾ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

സ്ഥാനാർത്ഥികൾ വന്നാൽ ഞങ്ങൾ സ്വീകരിക്കും ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്ക്ക് വന്നു, യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വന്നു. ഇനി ബിജെപി സ്ഥാനാർത്ഥിയും വരും. ഞങ്ങളവരെ സ്വീകരിക്കും. അത് സാധാരണമാണ്. മിത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയ സിപിഎം നേതാവും സ്പീക്കറുമായ എഎൻ ഷംസീറിന് മാപ്പില്ല. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. തെരഞ്ഞെടുപ്പിൽ എൻ എസ് എസ് സ്വീകരിക്കുന്നത് സമദൂര നിലപാടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് ദുർവ്യാഖ്യാനപ്പെട്ടു. ഇവിടെ ഒരു ഭരണമാറ്റം ജനമാവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. എൻഎസ്എസ് എന്ന സംഘടനയുടേതായിരുന്നില്ല. ഒന്നിന്റെ പേരിലും എൻഎസ്എസ് സമദൂരം വിട്ടിട്ടില്ല. സമദൂര നിലപാട് തന്ത്രമാണെന്ന സിപിഎം സംസ്ഥാന സെക്കട്ടറി എം. വി ഗോവിന്റെ പരാമർശത്തെ തമാശയായി മാത്രമാണ് കാണുന്നതെന്നും മിത്ത് വിവാദത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിച്ചിട്ടില്ലെന്നും സുകുമാരൻ നായർ വിശദീകരിച്ചു. 

തെരഞ്ഞെടുപ്പ് അടുത്തതോടെ മിത്ത് വിവാദം മറന്ന്, എൻഎസ്എസിനോടുള്ള പിണക്കം സിപിഎം മാറ്റുന്നുവെന്നടക്കം പ്രചാരണമുയർന്നിരുന്നു. എൻഎസ്എസിനോട് പിണക്കമില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എൻഎസ് എസിന്റെ നിലപാടിൽ സുകുമാരൻ നായരും വ്യക്തത നൽകിയത്. 

ASIANET NEWS

ASIANET NEWS