വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും. വടക്കൻ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
തിരുവനന്തപുരം: ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും. വടക്കൻ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. മുന്നൂറിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പാനൂർ ചെറുപറമ്പിൽ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പതിനെട്ടുകാരനായി ഇന്നും തെരച്ചിൽ തുടരുകയാണ്. കോട്ടയം തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. 220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ളത്തിൽ വെള്ളത്തി മൂടിയത്. മോട്ടോർ തറയോട് ചേർന്നുള്ള ഭാഗത്താണ് മട വീഴ്ച ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുറംബണ്ടിന്റെ ബലക്ഷയമാണ് മടവീഴ്ചയ്ക്ക് കാരണം. കോട്ടയം അയ്മനത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. അയ്മനം മുട്ടേൽ സ്വദേശി സ്രാമ്പിത്തറ ഭാനു ആണ് മരിച്ചത്. ദേഹാസ്വസ്ത്യമുണ്ടായി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 08.07.2023 രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ) വരെ 07.07.2023 രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

