തിരുവനന്തപുരം: ലോക്ക് ഡൌണിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാനാവാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി വിദ്യാർത്ഥികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ സർവകലാശാലകള്‍, സർക്കാർ- എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍, സർക്കാർ-എയ്ഡഡ് പോളിടെക്നിക്കുകള്‍ എന്നിവിടങ്ങളിലെ വിദ്യർഥികള്‍ക്ക് ലോക്ക് ഡൌണ്‍ കാലയളവില്‍ ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ- 7, കാസർകോട്- 2, കോഴിക്കോട്- 1 എന്നിങ്ങനെയാണ് കണക്ക്. ഇവരില്‍ ഏഴ് പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി എന്ന ആശ്വാസ വാർത്തയും മുഖ്യമന്ത്രി പങ്കുവെച്ചു. കേരളത്തില്‍ 373 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 228 പേർ. 

കണ്ണൂരിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായ യുവതിക്ക് ആൺകുഞ്ഞു പിറന്നത് സന്തോഷം നൽകുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക