തിരുവനന്തപുരം: സര്‍ക്കാരിനെ വിവാദച്ചുഴിയിലാക്കിയ സുപ്രധാനവിഷയങ്ങളില്‍ എങ്ങുമെത്താതെ അന്വേഷണം ഇഴയുന്നു. സ്പ്രിംങ്ക്ളര്‍ മുതല്‍ ലൈഫ്ഫ്ലാറ്റിലെ കരാറടക്കം ദുരൂഹമായി തുടരുകയാണ്. സ്വപ്ന സുരേഷിന്‍റെ ഇടപെടലുകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സര്‍ക്കാരിനെ കൂടുതല്‍ കുരുക്കിലാക്കുമ്പോള്‍ ഇഴഞ്ഞ് നീങ്ങുന്ന അന്വേഷണങ്ങളും ചര്‍ച്ചയാകുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെ പിടിച്ച് കുലുക്കിയ ആദ്യത്തെ കൺസൽട്ടൻസി കരാ‍ർ വിവാദം സ്പ്രിംഗ്ളര്‍ ആണ്. ആരോടുമാലോചിക്കാതെ ഐടി സെക്രട്ടറി നേരിട്ടാണ് അമേരിക്കന്‍ കമ്പനിയുമായുള്ള കരാര്‍ ധാരണയാക്കിയത്. കൊവിഡ് രോ​ഗികളുടെ അടക്കം വിവരങ്ങൾ സ്വകാര്യ കമ്പനി കൈകാര്യം ചെയ്യുന്നുവെന്ന വിവരം പുറത്തു വന്നതോടെ കരാ‍ർ വിവാദമായി. 

സിപിഎമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും പ്രഖ്യാപിത നയങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പട്ടപ്പോള്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് തരണമെന്ന് പറഞ്ഞ് കമ്മീഷനെ വച്ചത് ഏപ്രില്‍ 20ന്. രണ്ട് മാസം കഴിഞ്ഞിട്ടും ഒന്നുമാകാതിരുന്നപ്പോള്‍ ജൂണ്‍ 25-ലെ പ്രതിദിന വാ‍ർത്താസമ്മേളനത്തിൽ അന്വേഷണം എന്തായെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു. അന്വേഷണം ഇപ്പോഴും തുടരുന്നുവെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ മറുപടി. 

ഈ മറുപടി പറഞ്ഞിട്ട് ഇന്നേക്ക് 48 ദിവസമാകുന്നു. അതായത് അന്വേഷണം തുടങ്ങിയിട്ട് 100 ദിവസം കഴിഞ്ഞു. രണ്ടം​ഗ അന്വേഷണ കമ്മീഷൻ്റെ തലവനായിരുന്ന രാജീവ് സദാനന്ദന്‍ ഇപ്പോള്‍ സര്‍ക്കാരിന്‍റെ കോവിഡ് ഉപദേശകനാണ്. ഒറ്റക്ക് എന്ത് ചെയ്യണമെന്നറിയാതെ മറ്റൊരു കമ്മീഷനംഗം മുന്‍ വ്യോമയാന സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ പകച്ച് നില്‍ക്കുന്നു. ഇവിടെ തീരുന്നു സ്പ്രിംഗ്ളര്‍ അന്വേഷണം.

സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്, സ്പേസ് പാര്‍ക്ക് നിയമനം, അധികാരദുര്‍വിനിയോഗം തുടങ്ങിയ വിഷയങ്ങളിലെ അന്വേഷണവും ഇഴഞ്ഞ് നീങ്ങുകയാണ്. ഇ മൊബിലിറ്റി പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി നിയമന അന്വേഷണവും എങ്ങുമെത്തിയില്ല.

മുഖ്യമന്ത്രിയും സംഘവും നെതര്‍ലന്‍റ്സില്‍ പോയപ്പോള്‍ സഹായം ചെയ്തതിന്‍റെ പേരില്‍ 2 വിദേശ കമ്പനികളെ റീബില്‍ഡ് കേരള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറി എഴുതിയത് വിവാദമായിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ഇന്നേക്ക് 23 ദിവസമായി. ഒന്നും പരിശോധിച്ചിട്ടില്ല, ഒന്നും നടന്നതുമില്ല. 

ഇതിനിടെയാണ് സര്‍ക്കാരിന് വീണ്ടും നാണക്കേടായി സ്വപ്ന ലൈഫ് പദ്ധതിയില്‍ നിന്ന് 1 കോടി തട്ടിയ വാര്‍ത്ത പുറത്ത് വന്നത്. സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയില്‍ നിന്ന് ഇവര്‍ക്ക് ഒരുകോടി എങ്ങനെ കിട്ടി. കരാറുണ്ടാക്കിയതാര്, കരാറെവിടെ, ഇത് നിയമപരമായിരുന്നോ, മുഖ്യമന്ത്രിയും യുഎഇ അധികൃതരും ചേര്‍ന്നുണ്ടാക്കിയ കരാറില്‍ സ്വപ്നക്കെങ്ങനെ പണം കിട്ടും ഇതിനൊന്നും ഇതുവരെ ഉത്തരമില്ല.