മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കാനുള്ള ശ്രമവും സൂപ്രണ്ട് തടഞ്ഞുവെന്നും ബന്ധു അന്‍വര്‍...
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലിരിക്കെ സി കെ ഹാരിസ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ലെന്ന് ബന്ധു അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കാനുള്ള ശ്രമവും സൂപ്രണ്ട് തടഞ്ഞുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം നടത്തി നടപടി എടുക്കും എന്ന് ഉറപ്പ് നല്‍കിയിരുന്നു. ഹാരിസിനായി വാങ്ങി നല്‍കിയ ശ്വസന സഹായി തിരികെ കിട്ടിയില്ല. പകരം ഒരു മാസത്തിനു ശേഷം വിലയായ 70,000 രൂപയുടെ ചെക്ക് നല്‍കുകയാണ് ഉണ്ടായത്. ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ സത്യം പുറത്തു വരും എന്ന് വിശ്വസിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
ജീവനക്കാരുടെ അശ്രദ്ധ മൂലം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രോഗികള്‍ മരിച്ചുവെന്ന് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവി വെളിപ്പെടുത്തിയിരുന്നു. ഇതില്‍ മരിച്ച ഹാരിസിനെക്കുറിച്ച് പ്രത്യേക പരാമര്‍ശവുമുണ്ടായിരുന്നു. 'വാര്‍ഡിലേക്ക് മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട രോഗി അശ്രദ്ധ മൂലമാണ് മരിച്ചത്. ഡോക്ടര്‍മാര്‍ ഇടപെട്ട് വിവരങ്ങള്‍ പുറത്ത് വിട്ടില്ല. പുറം ലോകം അറിയാത്തതിനാല്‍ മാത്രമാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്' - ജലജ ദേവിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനൊയിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
