യുവതികളെ ഐഎസിന് കൈമാറുമെന്ന ഭീഷണിയാണ് എൻഐഎയെ കേസിലേക്ക് എത്തിച്ചത്. മനുഷ്യക്കടത്ത് ചുമത്തിയതോടെ കേസിന് ബലമേറി. എന്നാൽ തനിക്ക് ഇസ്ലാമിക്ക് സ്റ്റേറ്റുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഗസാലി പറയുന്നു.
കൊച്ചി : ഐഎസ് ബന്ധമില്ലെന്ന് കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി ഗസാലി. കുവൈറ്റിൽ തുടരുന്ന ഗസാലിയെ നാട്ടിലെത്തിക്കാൻ എൻഐഎയും പൊലീസും ശ്രമം തുടരുമ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രതികരണം. പരാതിക്കാർ പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും ഗസാലി പറയുന്നു. എന്നാൽ അതെ സമയം പരാതിക്കാർ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്.
എൻഐഎക്കും പൊലീസിനും പിടികിട്ടാപുള്ളിയാണ് കണ്ണൂർ മരക്കാർക്കണ്ടി സ്വദേശി ഗസാലി. കേരളത്തിൽ നിന്നും എത്തിയ യുവതികളെ അറബി കുടുംബങ്ങൾക്ക് മൂന്നരലക്ഷം രൂപക്ക് വിൽപന നടത്തിയെന്നാണ് ഗസാലിക്കെതിരായ പരാതി. കുവൈറ്റിലെ ക്യാമ്പിൽ യുവതികളെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. കുവൈറ്റിൽ നിന്നും കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഏഷ്യാനെറ്റ് ന്യൂസിന് ഗസാലി വീഡിയോ സന്ദേശം അയച്ചത്.
യുവതികളെ ഐഎസിന് കൈമാറുമെന്ന ഭീഷണിയാണ് എൻഐഎയെ കേസിലേക്ക് എത്തിച്ചത്. മനുഷ്യക്കടത്ത് ചുമത്തിയതോടെ കേസിന് ബലമേറി. എന്നാൽ തനിക്ക് ഇസ്ലാമിക്ക് സ്റ്റേറ്റുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഗസാലി പറയുന്നു. ഗസാലിയുടെ വാദങ്ങൾ തള്ളിയ പരാതിക്കാർ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു.
കേരളത്തിൽ റിക്രൂട്ടിംഗിനായി പ്രവർത്തിച്ച അജുമോനെ മാത്രമാണ് കേസ് അന്വേഷിക്കുന്ന എറണാകുളം സൗത്ത് പൊലീസിന് പിടികൂടാനായത്. ഗസാലിയെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും നടപടികളിൽ പുരോഗതിയില്ല. മനുഷ്യക്കടത്ത് ചുമത്തിയ കേസിലാണ് പ്രധാന പ്രതി ഇപ്പോഴും സുരക്ഷിതനായി കുവൈറ്റിൽ തുടരുന്നത്. മനുഷ്യക്കടത്തിലെ മറ്റ് കണ്ണികൾ ആരൊക്കെ എന്നതിലും അന്വേഷണ സംഘത്തിന് വ്യക്തതയില്ല.
കുവൈറ്റ് മനുഷ്യക്കടത്ത്: മുഖ്യപ്രതി ഗസാലിയെ കേരളത്തിലെത്തിക്കാന്‍ നീക്കം, വിവരങ്ങള്‍ കൈമാറാതെ അജുമോന്‍
കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി ഗസാലിയെ കേരളത്തില്‍ എത്തിക്കാന്‍ അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. വ്യാഴാഴ്ച കണ്ണൂർ മരക്കാർകണ്ടിയിൽ അന്വേഷണ സംഘം എത്തിയിട്ടും വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. കുവൈറ്റിൽ ഗസാലിയുടെ റിക്രൂട്ട്മെന്‍റ് സ്ഥാപനം പൂട്ടിയതോടെ അവിടെ നിന്നും ഇയാള്‍ രക്ഷപ്പെട്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഉടൻ തന്നെ കുവൈറ്റ് സർക്കാരുമായി ബന്ധപ്പെടാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. കേരളത്തിൽ നിന്നും യുവതികളെ കുവൈറ്റിലയച്ച അജുമോനെ പിടികൂടി ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല.
ഇരുപതിലധികം യുവതികളെ കുവൈറ്റിലയച്ചു എന്നാണ് അജുമോൻ പൊലീസിനെ അറിയിച്ചത്. പിന്നീട് കുവൈറ്റിൽ നടന്ന വിൽപ്പനയും ചൂഷണവും തന്‍റെ അറിവോടെയല്ലെന്നാണ് അജുമോന്‍റെ മൊഴി. എന്നാൽ തങ്ങൾ നേരിട്ട ക്രൂരതകൾ അജുമോനെ അറിയിച്ചിട്ടും കയ്യൊഴിഞ്ഞുവെന്നാണ് രക്ഷപ്പെട്ടെത്തിയ യുവതികളുടെ മൊഴി. അജുമോനൊപ്പം റിക്രൂട്ടിംഗിനായി പ്രവർത്തിച്ച ആനന്ദിനെ എറണാകുളം സൗത്ത് പൊലീസ് ചോദ്യം ചെയ്തു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുവൈറ്റിൽ നിന്നും കൂടുതൽ യുവതികൾ രക്ഷപ്പെട്ട് മടങ്ങിയെത്തുന്നതും പൊലീസ് നിരീക്ഷിക്കുന്നു. എന്നാൽ ഇവർ പരാതി നൽകിയിട്ടില്ല. കേരളത്തിലെ മാധ്യമവാർത്തകളും പൊലീസ് നടപടികളും പ്രവാസി സംഘടനകളുടെ ഇടപെടലും യുവതികൾക്ക് നാട്ടിലെത്താൻ സഹായകമായിട്ടുണ്ട്. പൊലീസ് മനുഷ്യക്കടത്ത് ചുമത്തിയിട്ടും എൻഐഎ ഇതുവരെ വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടില്ല.
