Asianet News MalayalamAsianet News Malayalam

തണ്ണീർക്കൊമ്പനിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വനം വകുപ്പ്; റേഡിയോ കോളറുള്ള മറ്റൊരു ആനയും കേരള അതിർത്തിയിൽ

തണ്ണീർകൊമ്പൻ നഗരത്തിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് കർണാടക വനം വകുപ്പിൽ നിന്ന് വിവരങ്ങൾ ലഭിച്ചത്. യൂസർ ഐഡിയും പാസ്‍വേഡും കിട്ടിയപ്പോൾ 8.50 ആയി.

no lapse in procedures of darting the elephant in Mananthavadi but delayed data from Karnataka says CCF afe
Author
First Published Feb 7, 2024, 12:28 PM IST

മാനന്തവാടി: തണ്ണീർക്കൊമ്പന്റെ കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും എന്നാൽ കർണാടകയിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ വൈകിയത് കാരണം ആനയുടെ സ്വഭാവവും മറ്റുകാര്യങ്ങളും മനസിലാക്കാൻ വൈകിയെന്നും ഉത്തര മേഖലാ സി.സി.എഫ് കെ.എസ്. ദീപ. റേഡിയോ കോളർ സ്ഥാപിച്ച മറ്റൊരു ആനയെയും കൂടി കേരളത്തിനകത്ത് അതിർത്തി വനത്തിൽ കണ്ടെത്തിയതായും സി.സി.എഫ് പറഞ്ഞു. തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തുന്ന അഞ്ചംഗ വിധഗ്ദ്ധ സമിതി മാനന്തവാടിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനിടെ മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു ഉത്തര മേഖല സി.സി.എഫ്. 

കർണാടക വനം വകുപ്പിൽ നിന്ന് റേഡിയോ കോളർ വിവരം ലഭിച്ചത് ആന മാനന്തവാടി നഗരത്തിൽ എത്തി മണിക്കൂറുകൾ പിന്നിട്ടതിന് ശേഷം മാത്രമാണ്. 8.50 ഓടെയാണ് റേഡിയോ കോളർ യൂസർ ഐഡിയും പാസ്‍വേർഡും ലഭിക്കുന്നത്. ആനയെ നഗരത്തിൽ നിന്ന് തുരത്താൻ 50 അംഗ വനപാലക സംഘം മണിക്കൂറുകളോളം ശ്രമിച്ചിരുന്നു. കഴിയാത്ത സാഹചര്യം വന്നു ചേർന്നതോടെയാണ് മയക്കു വെടി വെക്കേണ്ടി വന്നത്.

അപ്രതീക്ഷിതമായിരുന്നു മോഴയാനയായ തണ്ണീർ കൊമ്പന്റെ നഗരത്തിലേക്കുള്ള വരവ്. മയക്കുവെടി വെച്ചതും പ്രദേശത്ത് നിന്ന് മാറ്റിയതും ഉചിതമായ സമയത്ത് തന്നെയായിരുന്നു. ആന നിലയുറപ്പിച്ച സ്ഥലത്ത് വെള്ളവും തീറ്റയും ആവശ്യത്തിന് ഉണ്ടായിരുന്നു.
ദൗത്യത്തിന് മുമ്പായി ആദ്യം മയക്കുവെടി വെച്ച മൈസൂരിലെ ഡോക്ടറുമായി ആശയവിനിമയം നടത്തിയിരുന്നു. മയക്കുവെടിയുടെ ഡോസ് കൂടിയതായിരുന്നെങ്കിൽ ഇത്ര നേരം അതിജീവിക്കാൻ ആനക്ക് കഴിയില്ലായിരുന്നു. റേഡിയോ കോളറുമായി പുതിയതായി കണ്ടെത്തിയ ആനയെ കൃത്യമായി നിരീക്ഷിച്ച് വരുന്നതായും ഉത്തര മേഖല സി.ഡി.എഫ് കെ.എസ്. ദീപ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios