തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമാക്കാത്ത കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി ആരോഗ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ (Medical College Thiruvananthapuram) കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ (Medicine stock) ലഭ്യമാക്കാത്ത കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി ആരോഗ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ രോഗിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യ ഫാര്‍മസിയിൽ ഉണ്ടായിരുന്നില്ല. ഫാര്‍മസിക്ക് ഉള്ളിൽ കയറി കമ്പ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ച മന്ത്രിക്ക് വീഴ്ച ബോധ്യപ്പെട്ടു.
അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്ലിനോട് മന്ത്രി നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തത്. മറ്റ് മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
മരുന്ന് കുറിപ്പടിയുമായി കാരുണ്യ ഫാര്‍മസിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; മരുന്നില്ലെന്ന് മറുപടി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തിയത്. ഈ സമയത്താണ് ഒരു രോഗിയുടെ ഭര്‍ത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതി അറിയിച്ചത്. ഉടന്‍ മന്ത്രി ഈ കുറിപ്പടി വാങ്ങി കാരുണ്യ ഫാര്‍മസിയില്‍ എത്തി.
ആദ്യം മന്ത്രി പുറത്ത് തന്നെ നിന്ന് ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്ക് പറഞ്ഞയച്ചു. മരുന്നില്ലെന്ന് പറഞ്ഞതല്ലേയെന്നായിരുന്നു ജീവനക്കാരി മറുപടി നൽകി. പിന്നീട് മന്ത്രി തന്നെ നേരിട്ട് കൗണ്ടറിലേക്കെത്തി. അപ്പോഴും മരുന്നില്ലെന്ന് ജീവനക്കാരിയുടെ മറുപടിയെത്തി. ഇതോടെ എന്തു കൊണ്ട് മരുന്നില്ലെന്ന് മന്ത്രി ചോദ്യം ഉന്നയിച്ചു. കൃത്യമായ പ്രതികരണം ഇല്ലാതായതോടെ മന്ത്രി ഫാര്‍മസിക്കുള്ളില്‍ കയറി കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ പരിശോധിച്ചു. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകള്‍ പട്ടികപ്പെടുത്തി അത് കൃത്യമായി സ്റ്റോക്ക് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
