പി ശശിയെ സംരക്ഷിച്ച് സിപിഎം, അന്വേഷണമില്ല; അൻവറിന്റെ പരാതിയിൽ ശശിയുടെ പേരില്ലെന്ന് എം.വി ഗോവിന്ദൻ
പിവി അൻവർ നൽകിയ പരാതിയിൽ സിപിഎം അന്വേഷണമില്ലെന്നും പരാതിയിൽ സർക്കാർ തല അന്വേഷണം തുടരട്ടെ എന്നുമാണ് പാർട്ടി നിലപാട്.
തിരുവനന്തപുരം: പിവി അൻവർ നൽകിയ പരാതിയിൽ സിപിഎം അന്വേഷണമില്ല. പരാതിയിൽ സർക്കാർതല അന്വേഷണം തുടരട്ടെ എന്നാണ് പാർട്ടി നിലപാട്. പിവി അൻവറിന്‍റെ പരസ്യ വിമർശനത്തെ തള്ളിയ സിപിഎം സംസ്ഥാന സെക്രട്ടറി, പി ശശിയ്ക്ക് പൂർണ പിന്തുണയും നൽകി.
അൻവർ പി ശശിയ്ക്ക് എതിരെ മാധ്യമങ്ങളിലൂടെ ഉന്നയിച്ചത് ഗുരുതര ആക്ഷേപങ്ങളാണ്. എന്നാൽ അൻവറിന്‍റെ പരാതി പരിശോധിച്ച സിപിഎം പറയുന്നത് പരാതിയിൽ പി ശശിയുടെ പേരില്ലെന്നാണ്. ആരോപണമുണ്ടെങ്കിൽ ഇങ്ങനെയല്ല പരാതി നൽകേണ്ടതെന്നും കൃത്യമായി പരാതി നൽകണമെന്നുമായിരുന്നു നിലപാട്. പരാതി പരസ്യമാക്കി ഉന്നയിച്ചതിന് അൻവറിനെയും വിമർശിച്ചു.
അൻവറിനെ പിന്തുണച്ച് അഴിമതി വിരുദ്ധ പോർട്ടലുണ്ടാക്കുമെന്ന് അറിയിച്ച കെടി ജലീൽ എം.എൽഎയ്ക്ക് നേരെയും സിപിഎം സംസ്ഥാന സെക്രട്ടറി രൂക്ഷവിമർശനമുന്നയിച്ചു. അഴിമതി കൈകാര്യം ചെയ്യാൻ കെ ടി ജലീലിന്റെ സ്റ്റാർട്ട് അപ് വേണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം
അൻവർ ഉന്നയിച്ച ആക്ഷേപങ്ങൾ ഗുരുതരമാണെന്നും ജനങ്ങൾക്കിടയിൽ അതിന് വിശ്വാസ്യത കിട്ടിയെന്നുമാണ് സെക്രട്ടറിയേറ്റിന്‍റെ പൊതു അഭിപ്രായം. എന്നാൽ ശശിക്കെതിരെ സമ്മേളനകാലത്ത് പാർട്ടി അന്വേഷണം വന്നാൽ മുഖ്യമന്ത്രി പ്രതിരോധത്തിലാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. അതിനാൽ നിലവിൽ പ്രഖ്യാപിച്ച ഡിജിപി തല അന്വേഷണം മതിയെന്ന നിലയിലേക്ക് പാർട്ടിയും എത്തി. എഡിജിപിക്കെതിരെ കീഴ് ഉദ്യോഗസ്ഥരുടെ സംഘത്തിന്റെ അന്വേഷണം പ്രഹസനമായിരിക്കെ സംഘത്തിനും പാർട്ടിയുടെ പ്രശംസ ലഭിച്ചു.
അൻവർ ബോംബ് മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും നിർവീര്യമാക്കിയതോടെ നിലമ്പൂർ എംഎൽഎ വീണ്ടും വെട്ടിലായി. തൽക്കാലം ഒന്നുമില്ലെങ്കിലും സമ്മേളനങ്ങളിലെ തുടർചർച്ചകളിലെ വിമർശനങ്ങൾ കൂടി കണക്കിലെടുത്താകും പാർട്ടിയുടെ ഭാവി നീക്കം.