അതിഥി തൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള ആവാസ് പദ്ധതിയെ പറ്റി തൊഴിലാളികളിൽ വലിയൊരു ശതമാനവും ഇപ്പോഴും അജ്ഞരാണ്
കൊച്ചി: അതിഥി തൊഴിലാളികൾ(guest workers) ഉൾപ്പെടുന്ന അസംഘടിത മേഖലയിൽ വിവരശേഖരണത്തിനുള്ള സംസ്ഥാന സർക്കാർ(state govt) ശ്രമങ്ങളും പരാജയമാണ്. സ്ഥിരമായ തൊഴിലിടം ഇല്ലാത്തവരാണ് ഭൂരിഭാഗം അതിഥി തൊഴിലാളികൾ എങ്കിലും വീകേന്ദ്രീകൃത രീതിയിൽ ഇവരുടെ കണക്കെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. തൊഴിൽ രജിസ്ട്രേഷൻ ഉൾപ്പടെ താളം തെറ്റുന്പോൾ അർഹമായ സേവന വേതവ വ്യവസ്ഥതകൾ നിഷേധിക്കപ്പെടുന്നതിനൊപ്പം ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താനുമാകുന്നില്ല.
അണുകുടുംബ വ്യവസ്ഥ. മികച്ച ഉന്നതവിദ്യാഭ്യാസം.മത്സരബുദ്ധിയോടെയുള്ള തൊഴിൽ തേടൽ.വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം.മലയാളി ജനസംഖ്യ ഓരോവർഷവും ചുരുങ്ങുകയാണ്.അടിസ്ഥാന തൊഴിലെടുക്കാൻ ഇതരസംസ്ഥാനത്ത് നിന്ന് തൊഴിലാളികൾ വരാതെ നമ്മുടെ സാന്പത്തിക മേഖല മുന്നോട്ട് പോകില്ലെന്ന് ചുരുക്കം.എന്നാൽ ഈ രീതിയിൽ എത്ര തൊഴിലാളികൾ വരുന്നു,അവർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യമുണ്ടോ,അർഹമായ വേതനമുണ്ടോ. ഇതിനൊന്നും നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ കൈവശം ഒരു കണക്കുമില്ല എന്നതാണ് വാസ്തവം. 2018-19 പ്ലാനിംഗ് ബോർഡ് നടത്തിയ സർവ്വേയിൽ സംസ്ഥാനത്തുള്ളത് 31ലക്ഷം അതിഥി തൊഴിലാളികൾ. എറണാകുളത്ത് മാത്രം 6ലക്ഷം.എന്നാൽ സംസ്ഥാന സർക്കാരിന്‍റെ കൈവശമുള്ള കണക്കിൽ എറണാകുളം ജില്ലയിൽ ഇത് 1,16,195 ലക്ഷം മാത്രമാണ്. തൊഴിൽ വകുപ്പ് നടത്തിയ വാക്സിനേഷൻ ക്യാംപിൽ പങ്കെടുത്തവർ മാത്രമാണ് സർക്കാർ കണക്കിൽ ഉൾപ്പെട്ട അതിഥി തൊഴിലാളികൾ.
കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ ഉള്ളത് 50,000 പേർ മാത്രം.അതിഥി തൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള ആവാസ് പദ്ധതിയെ പറ്റി തൊഴിലാളികളിൽ വലിയൊരു ശതമാനവും ഇപ്പോഴും അജ്ഞരാണ്.ഭാഷ മറികടന്ന് ഇവരിലേക്കെത്താൻ നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ പരിമിതിയാണ് ഇതിന് കാരണം.ഇടനിലക്കാർ വഴിയും,സ്വന്തം രീതിയിലും തൊഴിലാളികൾ സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. Interstate migrant labours act പ്രകാരം ലൈസൻസുള്ളവർക്കെ തൊഴിലാളികളെ സംസ്ഥാനത്തേക്ക് എത്തിക്കാൻ കഴിയൂ. തൊഴിലുടമയുടെ കൈവശം ഈ രീതിയിൽ കണക്കുകൾ ഉണ്ടാകാമെങ്കിലും സേവന വേതന വ്യവസ്ഥതകൾ ഉറപ്പാക്കേണ്ടതിനാൽ പലരും ഈ കണക്ക് കുറച്ച് കാണിക്കുന്നു.തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നില്ല.
തൊഴിൽ ലഭ്യത അനുസരിച്ച് അതിഥി തൊഴിലാളികളും ഒരു സ്ഥലം വിട്ട് മെച്ചപ്പെട്ട ഇടത്തേക്ക് മാറുന്ന ശീലമുള്ളവരാണ്. അതിനാൽ ജീവനക്കാരെ മാത്രം ഉപയോഗിച്ച് തൊഴിൽ വകുപ്പിന് കണക്കെടുപ്പ് പ്രായോഗികമല്ല. വീകേന്ദ്രീകൃതമായി പഞ്ചായത്ത് വാർഡ് തലത്തിൽ ഇത്തരം ശ്രമങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം.
കേരളത്തിലേക്കെത്തുന്ന അതിഥി തൊഴിലാളികളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉണ്ടെന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ട്. ഇത് ഒഴിവാക്കാൻ തൊഴിൽ തേടി എത്തുന്നവരുടെ വിവരശേഖരണവും കണക്കെടുപ്പുമാണ് ഉറപ്പാക്കേണ്ടത്. കമ്പനികൾക്കും മാത്രമല്ല തൊഴിൽ വകുപ്പിനും പൊലീസിനും ഈ ഉത്തരവാദിത്തതിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല.
