Asianet News MalayalamAsianet News Malayalam

'ആ പണം ഞങ്ങൾക്ക് വേണ്ട', ലോകകേരള സഭയുടെ ഭക്ഷണത്തിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്

ലോകകേരളസഭയിൽ ഭക്ഷണത്തിനായി മാത്രം ഒരാൾക്ക് 2000 രൂപ ചെലവായത് ധൂർത്താണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനുവരി 1,2,3 തീയതികളിലാണ് രണ്ടാം ലോക കേരള സഭ സമ്മേളനം നടന്നത്.

no need of the food bill from loka kerala sabha says raviz group to kerala government on the light of controversies
Author
Thiruvananthapuram, First Published Feb 19, 2020, 3:37 PM IST

തിരുവനന്തപുരം: രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികൾക്കായി ചെലവഴിച്ച ഭക്ഷണബില്ലിന്‍റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ്. സർക്കാരിനെ ഔദ്യോഗികമായി ഈ വിവരം റാവിസ് ഗ്രൂപ്പ് അറിയിച്ചു. പ്രതിനിധികൾക്ക് മാത്രമായി 59 ലക്ഷം രൂപയാണ് ചെലവായത്.

ഈ പണം റാവിസ് ഗ്രൂപ്പ് സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തി. ഇതുകൊണ്ടാണ് നേരത്തേ തന്നെ ലോകകേരള സഭ ധൂർത്താണെന്ന് ചൂണ്ടിക്കാട്ടി ഇത് ബഹിഷ്കരിച്ചത്. ഒരാളുടെ ഭക്ഷണത്തിനായി മാത്രം രണ്ടായിരം രൂപയോളം (1900 രൂപയും നികുതിയും) ചെലവായെങ്കിൽ അത് ധൂർത്തല്ലെങ്കിൽ പിന്നെന്താണെന്നും പ്രതിപക്ഷം ചോദിച്ചു. 

ഇതിനുള്ള മറുപടിയെന്നോണമാണ് റാവിസ് ഭക്ഷണബില്ല് വേണ്ടെന്ന് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. പ്രവാസിക്ഷേമത്തിനായി സർക്കാർ സംഘടിപ്പിച്ച ലോകകേരളസഭ പോലൊരു പരിപാടിയുമായി ബന്ധപ്പെട്ട് റാവിസിനെച്ചൊല്ലി ഇത്തരമൊരു വിവാദമുയർന്നതിൽ സങ്കടമുണ്ടെന്ന് റാവിസ് ഗ്രൂപ്പ് ചെയർമാൻ രവി പിള്ള വ്യക്തമാക്കുന്നു. ഇതിനാലാണ് ബില്ല് വേണ്ടെന്ന് വച്ചത്.

എന്നാൽ ഇത്തരത്തിൽ ഒരു സർക്കാർ പരിപാടിക്ക് നൽകിയ ബില്ല് ഒരു സ്വകാര്യ കമ്പനിക്ക് പിൻവലിക്കാനാകുമോ എന്നതു ചോദ്യചിഹ്നമാണ്. ഒരു സർക്കാർ പരിപാടിക്ക് സ്വകാര്യകമ്പനിക്ക് സൗജന്യമായി ഭക്ഷണം നൽകാനാകുമോ എന്നതും, അങ്ങനെയെങ്കിൽ അത് എന്തു വകുപ്പിൽ ഉൾപ്പെടുത്തും എന്നതും പരിശോധിക്കേണ്ടതാണ്. 

എന്തായിരുന്നു ഭക്ഷണവിവാദം?

രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്തുവന്നപ്പോൾ ഒരാൾക്ക് മാത്രം രണ്ടായിരം രൂപയോളം ഭക്ഷണത്തിന് ചെലവായെന്ന വിവരം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. അവസാന നിമിഷം കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം അര കോടിയിലേറെ രൂപയാണ് ചെലവായത്. സമ്മേളനത്തിന് ചില പ്രതിനിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമേ മടങ്ങിയുള്ളുവെന്നും ഹോട്ടല്‍ ബില്ലുകള്‍ വ്യക്തമാക്കുന്നു.

ജനുവരി 1, 2, 3 തീയതികളിലാണ് രണ്ടാം ലോക കേരള സഭ സമ്മേളനം നടന്നത്. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭാ, ലോക്സഭാ അംഗങ്ങള്‍ക്ക് പുറമേ 178 പ്രവാസി പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്‍റ് മാനേജ്മെന്‍റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബര്‍ 20-ന് ചേര്‍ന്ന ഉന്നതാധികാര സമിതി തീരുമാനിച്ചത്. 

എന്നാല്‍, അവര്‍ അസൗകര്യം അറിയിച്ചതോടെ അവസാനനിമിഷം കോവളം റാവിസ് ഹോട്ടലിനെ ഭക്ഷ വിതരണ ചുമതല ഏല്‍പിച്ചു. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28-ന് വിലയിരുത്തി. തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് 59,82,600 രൂപ ഭക്ഷണ ബില്ലായി അംഗീകരിച്ചു. 

no need of the food bill from loka kerala sabha says raviz group to kerala government on the light of controversies

പ്രതിനിധികള്‍ക്ക് ജനുവരി 1, 2, 3 തീയതികളില്‍ താമസ സൗകര്യമൊരുക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഗസ്റ്റ്ഹൗസിനും റസ്റ്റ് ഹൗസിനും പുറമേ നഗരത്തിലെ ഏഴ് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയത്. എന്നാല്‍ ചില പ്രതിനിധികള്‍ നേരത്തെ വന്നതുകൊണ്ടും ചിലര്‍ വൈകി പോയതുകൊണ്ടും ഇത് ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെയായി പുനഃക്രമീകരിച്ചു. 

താമസ ബില്ലിന് മാത്രം 23,42,725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണ ചെലവായി 4,56324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios