Asianet News MalayalamAsianet News Malayalam

'സിബിഐ ഓർഡിനൻസ്' വേണ്ട, ഐഫോൺ വിവാദത്തിൽ കരുതലോടെ പ്രതികരണം, സിപിഎമ്മിൽ ധാരണ

സിബിഐ സംസ്ഥാനത്തിന്‍റെ അഭിമാനപദ്ധതിയായ ലൈഫ് മിഷനിൽ ഇടപെട്ട് കേസുകൾ റജിസ്റ്റർ ചെയ്തത് സർക്കാരിന് നാണക്കേടാണെങ്കിലും ഇതിനെതിരെ ഓർഡിനൻസ് വേണ്ടെന്നാണ് തീരുമാനം. 

no ordinance is needed against the intervention of cbi decided cpim state secretariate
Author
Thiruvananthapuram, First Published Oct 2, 2020, 3:29 PM IST

തിരുവനന്തപുരം: സിബിഐയുടെ അന്വേഷണപരിധി സംബന്ധിച്ച് ഓർഡിനൻസ് കൊണ്ടുവരേണ്ടതില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിൽ ധാരണ. അത്തരത്തിൽ ഓർഡിനൻസ് കൊണ്ടുവരുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ 'ഐഫോൺ' വിവാദത്തിൽ കരുതലോടെ മാത്രം പ്രതികരിച്ചാൽ മതിയെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം.

ചെന്നിത്തലയ്ക്ക് എതിരെ ഉയർന്നിരിക്കുന്നത് വ്യക്തിപരമായ ആരോപണമാണെന്നതും, ഉപഹാരം നൽകിയെന്നാണ് ആരോപണമെന്നതും പാർട്ടി പരിഗണിച്ചു. ഇതിനാൽ പാർട്ടി ഔദ്യോഗികമായി പ്രതികരിക്കുന്നതിൽ കൃത്യമായ കരുതൽ പാലിക്കും. എന്നാൽ സൈബർ ഇടങ്ങളിലെ ഇടത് അനുകൂലികളുടെ പ്രചാരണത്തിൽ ഒരു തരത്തിലും ഇടപെടില്ലെന്നും പാർട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോൾ അതിന് തടയിടാൻ സർക്കാർ ഓർഡിനൻസിന് നീക്കം നടത്തുന്നുവെന്ന ആരോപണം ആദ്യം ഉയർത്തുന്നത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്. ആരോപണം തള്ളിയ മുഖ്യമന്ത്രി അത്തരം യാതൊരു നീക്കവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ബാബറി മസ്ജിദ് വിധി ഉയർത്തി ദേശീയ അന്വേഷണ ഏജൻസികൾക്ക് എതിരെ പ്രചാരണം നടത്താൻ തീരുമാനിച്ചതായും സിപിഎം അറിയിച്ചു. 

യൂണിടാക് വാങ്ങി നൽകിയ ഐ ഫോണുകളിൽ ഒന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് സമ്മാനമായി നൽകിയെന്ന ആരോപണം അദ്ദേഹം ശക്തമായി നിഷേധിച്ചിരുന്നു. യൂണിടാക് എംഡി സന്തോഷ് ഈപ്പനാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ആരോപണമുന്നയിച്ചത്. 'വാങ്ങിയത് സ്വർണമാണെന്ന് പറഞ്ഞില്ലല്ലോ, ഭാഗ്യം', എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. തന്‍റെ കയ്യിലുള്ളത് കാശ് കൊടുത്തുവാങ്ങിയ ഐഫോണാണ്. തനിക്ക് ആരും ഫോൺ വാങ്ങിത്തന്നിട്ടുമില്ല, അതിന് പണം തന്നിട്ടുമില്ല. തന്‍റെ പേരിൽ ആരെങ്കിലും ഫോൺ വാങ്ങി തട്ടിപ്പ് നടത്തിയോ എന്ന് അറിയില്ല. ഒരു പരിപാടിക്ക് പോയി, അവിടെ വച്ച് ഫോൺ സമ്മാനമായി വാങ്ങിയെന്ന തരത്തിലുള്ള ആരോപണമെല്ലാം തരംതാഴ്ന്നതാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുളളവര്‍ ഐഫോണ്‍ വിവാദമുയര്‍ത്തി നവമാധ്യമങ്ങളില്‍ ചെന്നിത്തലയെ കടന്നാക്രമിച്ചു. ഇതിനിടയിലാണ് കരുതലോടെ മാത്രം വിഷയത്തില്‍ പ്രതികരിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് സിപിഎം നേതൃത്വം എത്തിയത്. വ്യക്തിപരമായ ആരോപണങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം.യുഎഇ കോണ്‍സുലേറ്റ് നല്‍കിയതായി പറയപ്പെടുന്ന ഉപഹാരത്തെ ചൊല്ലി വിവാദം വേണ്ടെന്ന തീരുമാനവും സെക്രട്ടറിയേറ്റില്‍ ഉണ്ടായി.എന്നാല്‍ സൈബര്‍ ഇടത്തില്‍ ചെന്നിത്തലയ്ക്കെതിരെ ഇടത് അനുകൂലികള്‍ നടത്തുന്ന പ്രചാരണത്തില്‍ ഇടപെടേണ്ടെന്നും സിപിഎം തീരുമാനിച്ചു. 

Follow Us:
Download App:
  • android
  • ios