ഒരു ഉരുൾപൊട്ടലിനെ അതിജീവിച്ച കൂട്ടിക്കൽകാർക്ക് ഇനിയും ഉരുൾ പൊട്ടിയാൽ ജീവൻ ബാക്കിയാകുമോ എന്നറിയില്ല. ഉരുളെടുത്ത വീടിന്‍റെ വശങ്ങളിൽ ടാർപായ വലിച്ച് കെട്ടി പേടിയോടെയാണ് പലരും ജീവിക്കുന്നത്.

ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലെ പലരുടെയും വീട് വാസയോഗ്യമല്ല, മാറ്റിപാർപ്പിക്കാൻ വേണ്ട നടപടികളെടുക്കുമെന്നാണ് അപകടത്തിന് പിന്നാലെയുണ്ടായ പ്രഖ്യാപനം. എന്നാൽ പഞ്ചായത്തിൽ ഇപ്പോഴും നൂറുകണക്കിന് ആളുകളാണ് മലമുകളിൽ പേടിയോടെ കഴിയുന്നത്. ഈ മഴക്കാലത്തും സജ്ജീകരണങ്ങളൊന്നും എടുത്തില്ലെന്നാണ് ആക്ഷേപം. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു, പ്രളയ ബാക്കി...

കോട്ടയം: കുന്നും മലയും കയറിയാണ് രാജമ്മ സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഇളങ്കാട് നിന്ന് കിലേമീറ്റർ നടന്ന് വേണം വീട്ടിലെത്താൻ. കയ്യിലുള്ള പണം സ്വരുക്കൂട്ടി പണ്ട് ഭർത്താവ് വാങ്ങിയതാണ് മലമുകളിലൊരു വീട്. സ്വന്തം വീട്ടിലും മനസ്സില്ലാ മനസ്സോടെയാണ് രാജമ്മയും കുടുംബവും ഇപ്പോൾ കഴിയുന്നത്. നല്ലൊരു മഴ പെയ്താൽ പോടിയാണ്. എപ്പോഴാണ് അന്നത്തെപോലെ ഉരുളൻ കല്ലുകൾ വരുന്നതെന്ന് നോക്കി പലപ്പോഴും ഒരേ ഇരിപ്പാണ്.

ഉരുൾപൊട്ടലിന് പിന്നാലെ വീട്ടിൽ നിന്ന് മാറി താമസിക്കാനായിരുന്നു അറിയിപ്പ്. പക്ഷേ, കയ്യിൽ ഒരു രൂപ പോലുമില്ലാതെ എങ്ങോട്ട് പോകാൻ. ആര് വീട് തരാൻ. പകരം സംവിധാനം ഒരുക്കാമെന്ന വാക്ക് സർക്കാർ മറന്ന് പോയതോടെ രാജമ്മയും കുടുംബവും ജീവൻ പണയം വച്ച് ഈ മഴക്കാലത്തും ഇവിടെ തന്നെയാണ്.

ഒരു ഉരുൾപൊട്ടലിനെ അതിജീവിച്ച കൂട്ടിക്കൽകാർക്ക് ഇനിയും ഉരുൾ പൊട്ടിയാൽ ജീവൻ ബാക്കിയാകുമോ എന്നറിയില്ല. ഉരുളെടുത്ത വീടിന്‍റെ വശങ്ങളിൽ ടാർപായ വലിച്ച് കെട്ടി പേടിയോടെയാണ് പലരും ജീവിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യത മേഖലയായിട്ടും വാസയോഗ്യമല്ലാത്ത പ്രദേശമാണെന്ന പൂർണ ബോധ്യമുണ്ടായിട്ടും തുടർനടപടികളെടുക്കാതെ പഞ്ചായത്തും മൗനം പാലിക്കുകയാണ്. കഴി‌ഞ്ഞ വർഷം ഒഴുകി വന്ന കല്ലുകൾ വശങ്ങളിലേക്ക് മാറ്റി പുഴ ആഴം കൂട്ടുന്നതിൽ മാത്രം സജ്ജീകരണങ്ങൾ ഒതുങ്ങി. ഈ മഴക്കാലത്തും പേടിയോടെ കഴിയാനാണ് ഇവരുടെ വിധി. ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സജ്ജീകരണങ്ങളെങ്കിലും എടുക്കണമെന്നാണ് ഇവർക്ക് പയാനുള്ളത്.