തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണം.എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് സിപിഎം പത്രപരസ്യം നല്‍കിയത്

പാലക്കാട് : ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരായ സിപിഎമ്മിന്‍റെ പത്രപരസ്യത്തിന് മുന്‍കൂര്‍ അനുമതിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങിയില്ല സിപിഎം പരസ്യം നൽകിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് സിപിഎം പത്രപരസ്യം നല്‍കിയത്.

സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ദ്ധയും വളര്‍ത്തുന്ന ഈ പരസ്യത്തിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേടുകൊണ്ടാണെന്നും അന്തംവിട്ടവന്‍ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാര്‍ട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.പ്രതികരിച്ചു. പരാജയഭീതി പാര്‍ട്ടിയെ തുറിച്ചുനോക്കുന്ന അവസ്ഥയിലാണ് സിപിഎം. പാര്‍ട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചുകൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

എകെ ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കള്‍ സന്ദീപ് വാര്യര്‍ നിഷ്ങ്കളങ്കനാണെന്നും ക്രിസ്റ്റല്‍ ക്ലിയറാണെന്നും പറഞ്ഞിട്ട് ദിവസങ്ങള്‍ പോലുമായില്ല. അദ്ദേഹത്തെ സിപിഎമ്മിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും മുന്‍മന്ത്രി എകെ ബാലനും മന്ത്രി എംബി രാജേഷും ഉള്‍പ്പെടെയുള്ള നേതാക്കളാണ്. അവരാണ് ഇപ്പോള്‍ സന്ദീപിനെതിരെ വര്‍ഗീയത പറയുന്നത്. ഓന്തുപോലും ഇപ്പോള്‍ രാവിലെയും വൈകുന്നേരവും ഇവരെ കണ്ട് നമസ്‌കരിക്കുകയാണ്.

മുനമ്പം പ്രശ്നം പരിഹരിക്കാന്‍ ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്ത നടത്തിയ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടുപഠിക്കണം. ഈ വിഷയം പരിഹരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കാതിരുന്നത് വര്‍ഗീയ ശക്തികളെ ഭയന്നാണ്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷങ്ങളെ ഊതിക്കെടുത്തിയ മഹനീയ പാരമ്പര്യം പേറുന്ന സാദിഖലി തങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി രംഗത്തുവന്നതും ബിജെപിയെ സന്തോഷിപ്പിക്കാനാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരായ വികാരവും യുഡിഎഫിന് അനൂകൂലമാണ്. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും അണികള്‍ നേതൃത്വത്തിന്റെ നടപടികളില്‍ അസംതൃപ്തരാണ്. അവരെല്ലാം യുഡിഎഫിന് വോട്ടും ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു.