ദില്ലി: വീടുകളിൽ വൈൻ നിർമ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് മന്ത്രി ടിപി. രാമകൃഷ്ണൻ. വീട്ടില്‍ വൈന്‍ ഉത്പാദിപ്പിച്ചാല്‍ എക്സൈസ് നടപടി സ്വീകരിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം.

പഴങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാം എന്ന കാർഷിക സ‍ർവ്വകലാശാല റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ തുടര്‍നടപടികളൊന്നും ഇതുവരെ എടുത്തിട്ടില്ല. വ്യാവസായിക അടിസ്ഥാനത്തില്‍ വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനൊന്നും ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. നിയമവിധേയമായ കാര്യങ്ങൾ മാത്രമെ സർക്കാർ പിന്തുണയ്ക്കുകയുള്ളുവെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു. 

അതേസമയം സിനിമ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി സർക്കാരിന്‍റെ മുന്നിലേക്ക് വന്നിട്ടില്ലെന്നും എന്നാല്‍ ആരോപണങ്ങൾ പരിശോധിക്കുമെന്നും ദില്ലിയില്‍ മാധ്യമങ്ങളെ കണ്ട എക്സൈസ് മന്ത്രി വ്യക്തമാക്കി.