വയനാട്: കൊവിഡ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് ക്വാറന്‍റൈന്‍ നിര്‍ദേശിച്ച വയനാട്ടിലെ പിആര്‍ഡി ജീവനക്കാരുടെ സമ്പര്‍ക്കവിലക്ക് നീക്കി. വിശദമായ വിശകലനത്തില്‍ ഓഫിസ് അടച്ചിടേണ്ട ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

മാനന്തവാടിയില്‍ കൊവിഡ് പൊസിറ്റീവായ പൊലീസ് ഉദ്യോഗസ്ഥന്‍റെ രണ്ടാം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് പിആര്‍ഡി ഓഫിസ് അടച്ചിട്ട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ജീവനക്കാരോട് നിര്‍ദേശിച്ചത്. സമ്പര്‍ക്കവിലക്ക് നീക്കിയതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ജില്ലയില്‍ വച്ച് ഇതുവരെ രോഗബാധയുണ്ടായത്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥർക്ക് ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിന്‍റെ നിർദേശത്തിന് കാത്തുനില്‍ക്കാതെ സ്വയം സമ്പര്‍ക്ക വിലക്കിലേക്ക് മാറാമെന്നാണ് പുതിയ നിർദേശം. നിലവില്‍ 70 പൊലീസുകാരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 

അതേസമയം രോഗം സ്ഥിരീകരിച്ച പൊലീസുകാരില്‍ ഒരാൾ കോട്ടയത്തെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയെയും മറ്റൊരാളെയും നിരീക്ഷണത്തിലാക്കി. രോഗം പടരുന്ന മാനന്തവാടിയില്‍ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. കളക്ടറേറ്റിലെ അവലോകനയ യോഗങ്ങളും പതിവായുള്ള വാർത്താസമ്മേളനവും താല്‍കാലികമായി നിർത്തി.