കോൺഗ്രസ് പ്രവർത്തകരെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞതോടെയാണ് നയം മാറ്റാൻ പാർട്ടി തീരുമാനിച്ചത്

ദില്ലി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡീവൈെഫ്ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതില്‍ കടുത്ത പ്രതികരണവുമായി കെ.മുരളീധരന്‍ രംഗത്ത്.തല്ലി തീർക്കാൻ ആണെങ്കിൽ തല്ലി തീർക്കാം.മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'രക്ഷാപ്രവർത്തനം' ഊർജിതമാക്കണം.തല്ലുന്ന കണക്കുമായി വന്നാൽ തല്ലി തന്നെ തീർക്കും.കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ഭരിക്കുമ്പോൾ ഗാന്ധി മാർഗ്ഗത്തിന് പ്രസക്തിയില്ല.കോൺഗ്രസ് പ്രവർത്തകർക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു.കോൺഗ്രസ് പ്രവർത്തകരെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞതോടെയാണ് നയം മാറ്റാൻ പാർട്ടി തീരുമാനിച്ചത്.കെ സുധാകരന്‍റെ സംഘപരിവാർ പ്രസ്താവന അടഞ്ഞ അധ്യായമെന്നും മുരളീധരൻ പഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 നവകേരള സദസ്സിനെതിരായ പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പൊലീസ് നടപടിയില്‍ സമരമുഖം കോണ്‍ഗ്രസ് കടുപ്പിക്കുകയാണ് . ശനിയാഴ്ച കെപിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഡിജിപി ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. നവകേരള സദസ് സമാപിക്കുന്ന ഇരുപത്തിമൂന്നിനാണ് തലസ്ഥാനത്ത് കെപിസിസിയുടെ ഡിജിപി ഓഫിസ് മാര്‍ച്ച്. മുഴുവന്‍ എംഎല്‍എമാരും എംപിമാരും പങ്കെടുക്കുന്ന പ്രതിഷേധത്തിന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേതൃത്വം നല്‍കും. പാര്‍ട്ടി ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും മാര്‍ച്ചിലുണ്ടാകും. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും സിപിഎം പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചിട്ടും വേണ്ടത്ര പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സമരമുഖം ശക്തമാക്കുന്നത്.