ഡ്രെഡ്ജിങ് ചെലവ് കണക്കാക്കാൻ വിശദ പഠനം വേണമെന്നതടക്കമുള്ള ധനവകുപ്പ് നിര്‍ദ്ദേശം മറികടന്നാണ് മന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരം: ദേശീയ പാത നിര്‍മാണത്തിനായി ജലാശയങ്ങളിലെ മണ്ണ് സംസ്ഥാന സര്‍ക്കാര്‍ എൻഎച്ച്എഐ കരാറുകാര്‍ക്ക് നൽകുന്നത് സീനിയറേജോ റോയൽറ്റിയോ ഈടാക്കാതെ. മണ്ണെടുക്കാനുള്ള കരാര്‍ തുകയെക്കാള്‍ കൂടുതലാണ് ഡ്രഡ്ജിങ് ചെലവെങ്കിൽ സംസ്ഥാന സര്‍ക്കാരിന് പണമൊന്നും കിട്ടില്ല. ഡ്രെഡ്ജിങ് ചെലവ് കണക്കാക്കാൻ വിശദ പഠനം വേണമെന്നതടക്കമുള്ള ധനവകുപ്പ് നിര്‍ദ്ദേശം മറികടന്നാണ് മന്ത്രിസഭാ തീരുമാനം.

ജലാശയങ്ങളിലെ നിന്നെടുക്കുന്ന കളിമണ്ണ് കലര്‍ന്ന മണ്ണ് ദേശീയ പാത നിര്‍മാണത്തിന് യോജിച്ചതല്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ചെറിയ ഫില്ലിങ് ജോലികള്‍ക്കേ ഉപയോഗിച്ചിട്ടുള്ളൂവെന്നാണ് എൻഎച്ച്ഐഎ വൃത്തങ്ങളുടെ വാദം. എന്നാൽ ചുവന്ന മണ്ണ് കിട്ടാത്തതിനാൽ പകരമായാണ് കായലുകള്‍ അടക്കം 11 ഇടത്ത് നിന്ന് ജലാശയങ്ങളിലെ മണ്ണ് എൻഎച്ച് 66 ന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കാൻ ദേശീയ പാത അതോറിറ്റി ചോദിച്ചതും മന്ത്രിസഭ അനുവദിച്ചതും. റോയൽറ്റിയും സിനിയേറേജും ഈടാക്കില്ല. കുഴിച്ചെടുത്ത മണ്ണിന്‍റെ വില ഈടാക്കുന്നതിനും വ്യവസ്ഥകളുണ്ട്. മണ്ണിന് എൻഎച്ച്എഐ കരാറിലേതിനെക്കാള്‍ ഉയര്‍ന്ന തുക ഡ്രഡ്ജ് ചെയ്തെടുത്ത മണ്ണ് സൈറ്റിൽ ഉപയോഗിക്കാൻ ചെലവങ്കിൽ പണം ഒന്നും ഈടാക്കില്ല. 

കരാര്‍ തുകയാണ് കൂടുതലെങ്കിൽ അതിൽ നിന്ന് ഡ്രഡ്ജിങിനും മണ്ണ് സൈറ്റിലെത്തിക്കാനും ഉള്ള ചെലവ് കുറച്ച് ബാക്കി പണം ഈടാക്കും. ഇത് കരാറുകാരനിൽ നിന്ന് തിരിച്ചു പിടിച്ച് എൻഎച്ച്ഐഎ സംസ്ഥാന സര്‍ക്കാരിന് കൈമാറണം. ജലസേചന വകുപ്പ് കുഴിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്ന മണ്ണിന്‍റെ കാര്യത്തിലും ഇതു തന്നെ. അതേസമയം ഡ്രഡ്ജിങ് ചെലവ് പെരുപ്പിച്ച് കാട്ടുന്നത് തടയാൻ പ്രാപ്തമായ അതോററ്റിയെ കൊണ്ട് വിശദമായ പഠനം നടത്തണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചു. ആവശ്യമുള്ള മണ്ണ് മാത്രമേ എടുക്കുന്നുള്ളൂവെന്നും അത് ദേശീയ പാത നിര്‍മാണത്തിന് തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കാൻ ജിപിഎസ് സംവിധാനം വേണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. 
എന്നാൽ ശാസ്ത്രീയ പഠനത്തിന് ശേഷമാണ് ഡ്രഡ്ജിങ് ചെലവ് കണക്കാക്കുന്നതെന്നും ഓരോയിടത്തും ചെലവ് വ്യത്യസ്തമാണെന്നുമാണ് ജലവിഭവ വകുപ്പ് മറുപടി. റോയല്‍റ്റി ഒഴിവാക്കാനും ട്രാന്‍സ്പോര്‍ട്ട് പെര്‍മിറ്റിനും ജില്ലാ ജിയോളജിസ്റ്റ് മണ്ണിന്‍റെ അളവെടുക്കുമെന്നതിനാലും എൻഎച്ച്എഐ പരിശോധിക്കുമെന്നതിനാലും ജിപിഎസ് വേണ്ടെന്നും ജലവിഭവ വകുപ്പ് നിലപാട് എടുത്തു.

ചേറ്റുവയിലും കോട്ടപ്പുറത്തും മാത്രമാണ് ജലാശയങ്ങളിലെ മണ്ണെടുക്കുന്നതിനുള്ള ചെലവ് കരാര്‍ തുകയിലേതിനെക്കാള്‍ കുറവെന്ന് എൻഎച്ച്എഐ പറയുന്നത്. ഫലത്തിൽ കാര്യമായ തുകയൊന്നും സര്‍ക്കാരിന് കിട്ടില്ല. പക്ഷേ സര്‍ക്കാരിന് ചെലവില്ലാതെ ജലാശയങ്ങളിൽ ഡ്രെഡ്ജിങ് നടത്താം, കുന്നിടിക്കുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കാം തുടങ്ങിയ മെച്ചങ്ങളുണ്ടെന്നാണ് മന്ത്രിസഭയുടെ വാദം.

YouTube video player