വീണ്ടും പരിശോധനയ്ക്കായി തിങ്കളാഴ്ച ആശുപത്രിയിൽ എത്തിക്കാനും ഡിസ്ചാർജ് സമ്മറിയിൽ നിർദ്ദേശിക്കുന്നു
കോഴിക്കോട് : എലത്തൂർ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി ഡിസ്ചാർജ് സമ്മറി. കിടത്തി ചികിത്സ നൽകേണ്ട സാഹചര്യം ഇല്ല. വീണ്ടും പരിശോധനയ്ക്കായി തിങ്കളാഴ്ച ആശുപത്രിയിൽ എത്തിക്കാനും ഡിസ്ചാർജ് സമ്മറിയിൽ നിർദ്ദേശിക്കുന്നു. ശരീരത്തിൽ പൊള്ളലേറ്റതിന്റെ മുറിവുകളോടെയാണ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് ഏപ്രിൽ നാലിന് അർദ്ധരാത്രി പൊലീസ് ഷാറൂഖ് സെയ്ഫിയെ പിടികൂടിയത്. പിന്നീട് കേരളത്തിലെത്തിയ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിനിടെ ഷാറൂഖ് സെയ്ഫിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. അപകടം നടന്ന് ആറ് ദിവസമായിട്ടും പൊലീസിന് ഇതുവരെ പ്രതിയെ ചോദ്യം ചെയ്യാനായിട്ടില്ല. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ മാലൂർ കുന്നിലെ പൊലീസ് ക്യാമ്പിലേക്കായിരിക്കും കൊണ്ടുപോകുക. ഇവിടെ വച്ച് ഇയാളെ ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. നിലവിൽ ആശുപത്രിയിലുള്ള ഷാറൂഖിനെ ഡിസ്ചാർജ് ചെയ്തതോടെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനാവശ്യമായ ഒരുക്കങ്ങൾ ജയിലിൽ നേരത്തേ പൂർത്തിയായിട്ടുണ്ട്.
