Asianet News MalayalamAsianet News Malayalam

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എംപിയുടെ വിധിക്ക് ഹൈക്കോടതി സ്റ്റേയില്ല

ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാ വിധി സ്റ്റേ ചെയ്യുന്നതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഹൈക്കോടതി

no stay for lakshadweep mp convicted case in high court
Author
First Published Jan 20, 2023, 1:52 PM IST

കൊച്ചി : കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാ വിധി സ്റ്റേ ചെയ്യുന്നതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഹൈക്കോടതി. വിധി സ്റ്റേ ചെയ്യാൻ പരിഗണിക്കുന്നു എങ്കിൽ വാദം പറയാൻ കൂടുതൽ സമയം വേണം എന്നു കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം കേസിലെ പരാതിക്കാരന് കക്ഷി ചേരാനുള്ള ഹർജി കോടതി അനുവദിച്ചു. പ്രതികൾക്ക് എതിരെയുള്ള കുറ്റം നില നിൽക്കില്ലെന്നാണ് ഫൈസലിൻ്റെ അഭിഭാഷകൻ വാദിച്ചത്. ഏത് ആയുധം വെച്ചാണ് അടിച്ചത് എന്നിന് തെളിവില്ലെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കവരത്തി കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്താണ് ഫൈസൽ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസൽ സമർപ്പിച്ച ഹർജി ഈ  മാസം 27-ന് സുപ്രീംകോടതി പരിഗണിക്കും. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യം പുറത്തിറങ്ങും എന്നതിനാൽ  അടിയന്തരമായി വാദം കേൾക്കണമെന്ന് ഹർജിയിൽ മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ശശി പ്രഭു എന്നിവരാണ് ചീഫ് ജസ്റ്റിസിൻ്റെ മുന്നിൽ ഹർജി പരാമർശിച്ചത്. വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാടെന്തെന്ന് അറിഞ്ഞ ശേഷം തുടർനടപടികളിലേക്ക് കടക്കാം എന്ന് അറിയിച്ചു കൊണ്ട് ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചത്.  

വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷൻ നടപടി, നിയമ വിരുദ്ധവുമാണെന്നാണ് ഹർജിയിലെ വാദം. തനിക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും. ഇക്കാര്യങ്ങൾ സുപ്രീം കോടതിയുടെ മുൻ വിധികളിലുണ്ടെന്നും ഹർജിയിലുണ്ട്. എന്നാൽ ഹർജി സ്റ്റേ ചെയ്യാത്ത പക്ഷം സുപ്രീം കോടതിയുടെ വിധി നിർണ്ണായകമാകും. 

വധശ്രമക്കേസിൽ മുൻ എംപി ജയിലിൽ ആയതോടെയാണ് ലക്ഷദ്വീപിൽ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് എത്തിയത്.  ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ അന്ന് മുതൽ അംഗത്വത്തിൽ നിന്ന് അയോഗ്യനാകുമെന്നാണ് ചട്ടം.  വധശ്രമക്കേസിൽ 10 വർഷം ശിക്ഷിച്ചതിനാലാണ് ചട്ടപ്രകാരം ലോകസഭാ സെക്രട്ടറി, എംപിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാൽ സെഷൻ കോടതിക്ക് മുകളിലുള്ള മേൽക്കോടതികൾ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയാണെങ്കിൽ അയോഗ്യത ഇല്ലാതാകും. പാലമെൻ്റ് നടപടികളിൽ പങ്കെടുക്കാനും നിയമപരമായി സാധിക്കും. 

Read More : ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി 27-ന് പരിഗണിക്കും

Follow Us:
Download App:
  • android
  • ios