കക്കാടംപൊയില്‍:  സ്കൂളുകള്‍ തുറക്കാന് ദിവസങ്ങളേയുള്ളൂവെങ്കിലും കോഴിക്കോട് മലയോര മേഖലയില്‍ വിദ്യാലയങ്ങളില്‍ മതിയായ അധ്യാപകരില്ല. കക്കാടംപൊയില്‍ ഗവണ്‍മെന്‍റ് എല്‍ പി സ്കൂളില്‍ ഒരു അധ്യാപകന്‍ പോലുമില്ലാത്ത സ്ഥിതിയിലാണ്. മഞ്ഞക്കടവ്, പൂവാറംതോട് സ്കൂളുകളിലും മതിയായ അധ്യാപകരില്ല.

നിരവധി ഏകാധ്യാപക വിദ്യാലയങ്ങളുണ്ട് കേരളത്തില്‍. എന്നാല്‍ ഒരു അധ്യാപകന്‍ പോലുമില്ലാത്ത വിദ്യാലയമാണ്  കക്കാംടംപൊയിലിലെ ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍. ഈ സ്കൂളില്‍ ആകെയുണ്ടായിരുന്ന പ്രധാന അധ്യാപിക കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ചതോടെയാണ് അധ്യാപകരില്ലാ വിദ്യാലയമായി ഇത് മാറിയത്.

അധ്യാപകരില്ലാത്തതിനാല്‍ ഇതുവരേയും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷനൊന്നും നടന്നിട്ടില്ല. സമാനമായ അവസ്ഥയാണ് മഞ്ഞക്കടവ് ഗവണ്‍മെന്‍റ് എല്‍.പി സ്കൂളിലും. നാല് അധ്യാപകര്‍ വേണ്ടിടത്ത് ഇവിടെ ഉണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം. ഇതില്‍ ഒരാള്‍ക്ക് സ്ഥലംമാറ്റം. പ്രധാന അധ്യാപകന് വിരമിക്കുന്നു. ഫലത്തില് സ്കൂള്‍ തുറക്കുമ്പോള്‍ അധ്യാപകരുണ്ടാവില്ല.

പൂവാറംതോട് ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ നാല് അധ്യപകരുള്ളതില്‍ രണ്ട് പേര്‍ക്ക് സ്ഥലമാറ്റമാണ്. പ്രധാന അധ്യാപകന്‍ വിരമിക്കുന്നു. ഒരു അധ്യാപകനുമായി സ്കൂള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പല തവണ പരാതി പറഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പും സര്‍ക്കാറും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഈ പ്രദേശങ്ങളിലുള്ളവരുടെ ആക്ഷേപം.