കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് മന്ത്രി
തിരുവനന്തപുരം: വെള്ളക്ഷാമത്തെ തുടർന്ന് അട്ടപ്പാടിയിൽ കോട്ടത്തറ ട്രൈബൽ സെപ്ഷ്യാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ മാറ്റിവച്ചുവെന്ന് റിപ്പോർട്ട് തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. 7 ഗര്‍ഭിണികള്‍ പ്രസവത്തിനായി ഇപ്പോള്‍ ലേബര്‍ റൂമില്‍ ഉണ്ട്. 72 കിടപ്പു രോഗികളും ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ എല്ലാ പ്രവര്‍ത്തനങ്ങളും തടസ്സിമില്ലാതെ തുടരുമെന്നും വീണ ജോർജ് പറഞ്ഞു. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. ഒരു മാസം മുന്‍പ് നിശ്ചയിച്ച ഹെര്‍ണിയ ശസ്ത്രക്രിയ (ഇലക്ടീവ് സര്‍ജറി) പുഃനക്രമീകരിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഈ രണ്ട് രോഗികളും നാളയോ മറ്റന്നാളോ ആശുപത്രിയില്‍ അഡ്മിറ്റഡ് ആകും. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടക്കുമെന്നും മന്ത്രി പറഞ്ഞു.
നാല് പുരുഷന്‍മാരും രണ്ട് സ്ത്രീകളഉം ഉൾപ്പെടെ 6 പേരെ സുഖം പ്രാപിച്ചതിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഗുരുതരാവസ്ഥയിലുള്ള ഒരു കാൻസർ രോഗിയെ കൂടുതല്‍ വിദഗ്‍ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയത്.
ശിരുവാണിപ്പുഴയില്‍ നിന്നാണ് കോട്ടത്തറ ആശുപത്രിയില്‍ വെള്ളമെത്തുന്നത്. അതിന് പ്രത്യേക പൈപ്പ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പുഴയിലെ വെള്ളത്തിൽ ചെളി കലര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം മുതല്‍ വെള്ളത്തിന്റെ ശക്തി കുറഞ്ഞത്. മോട്ടോര്‍ അടിയന്തിരമായി നന്നാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ (89.6% സ്‌കോര്‍) ഈ വര്‍ഷം നേടിയെടുത്ത ഒരു ആശുപത്രിയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആശുപത്രിയിൽ വെള്ളമില്ല, ശസ്ത്രക്രിയകൾ മുടങ്ങി
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയെന്ന റിപ്പോർട്ടുകളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ട് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ശസ്ത്രകിയ ആവശ്യമുള്ള രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്‍ചാർജ് വാങ്ങി മറ്റ് ആശുപത്രികളിലേക്ക് പോയി. ആശുപത്രിയിൽ വെള്ളം എത്താതായിട്ട് രണ്ട് ദിവസമായെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
