ജയിച്ചില്ലെങ്കിൽ പാര്‍ട്ടിയില്ലെന്ന പ്രവര്‍ത്തകരുടെ ചിന്തയും, പക്ഷം മാറിയ കമ്യൂണിസ്റ്റ് അനുഭാവികളും ചേർന്നാണ് യുഡിഎഫിന് തകർപ്പൻ ജയം സമ്മാനിച്ചത്. ഭരണവിരുദ്ധ വികാരവും മതേതര നിലപാടും മുതലെടുത്ത് പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷമാണ് മുന്നണി അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്.

ജയിച്ചില്ലെങ്കിൽ കോണ്‍ഗ്രസ് ഇല്ലെന്ന പ്രവര്‍ത്തകരുടെ ചിന്ത. അധികാരത്തിൽ വരാൻ അവകാശവാദങ്ങള്‍ മാറ്റി വച്ച് നേതാക്കളും ഘടകക്ഷികളും. പാര്‍ട്ടിയെ തിരുത്താൻ പക്ഷം മാറിയ കമ്യൂണിസ്റ്റ് അനുഭാവികള്‍. അങ്ങനെ പലതും ഒന്നു ചേര്‍ന്നപ്പോഴാണ് തകര്‍പ്പൻ ജയത്തിന്‍റെ കൊടി യുഡിഎഫ് ഉയര്‍ത്തിയത്. ഇപ്പോഴില്ലെങ്കിൽ ഇനിയില്ല, ജയിച്ചില്ലെങ്കിൽ ജീവനില്ല. രാഷ്ട്രീയമരണത്തിന്‍റെ വക്കിൽ നിന്നാണ് കേരളത്തിൽ യുഡിഎഫിന്‍റെ ഈ ഉയിർപ്പ്. പതിറ്റാണ്ട് കാലത്തെ അധികാരമില്ലായ്മയിൽ നിന്ന്, തുടർ തോൽവികളുടെ വേദനയിൽ നിന്ന്, എതിരാളികളുടെ പരിഹാസങ്ങളിൽ നിന്ന് പുറത്തുകടക്കുരകയാണ് മുന്നണി.

Add Asianetnews as a Preferred SourcegooglePreferred

നിലനിൽക്കണമെന്ന വാശിയിൽ തെരഞ്ഞെടുപ്പ് ജയിക്കാൻ നേതാക്കളെക്കാൾ മുമ്പേ കളത്തിലിറങ്ങി അണികൾ. അവർക്ക് മുന്നിൽ പദവികൾക്ക് വേണ്ടി തർക്കിച്ചുനിന്നാൽ ശരിയാവില്ലെന്ന ബോധ്യമുണ്ടായി നേതാക്കൾക്ക്. പതിവ് തൊഴുത്തിൽകുത്ത് കണ്ടില്ല യുഡിഎഫ് ക്യാമ്പിൽ. പ്രത്യേകിച്ച് ആരാണ് നായകനെന്ന് ചോദ്യമുളള കോൺഗ്രസിൽ. ഘടകകക്ഷികൾ മികച്ച കോമ്പോയായി. സീറ്റുകൾക്ക് വേണ്ടി തല്ലുണ്ടായില്ല. വിട്ടുകൊടുത്തും വച്ചുമാറിയും സഹകരണം നേട്ടമായി.നിരാശയിൽ വിട്ടുപോയവരെ നിശബ്ദമായി ഒപ്പം കൂട്ടി.

മതേതര നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ല. അതിൽ ഇടതിന്‍റെ പൊളളത്തരങ്ങൾ തുറന്നുകാട്ടി. ന്യൂനപക്ഷങ്ങളുടേത് മാത്രമല്ലാതെ വോട്ട് ആ നിലപാടിന് വീണു. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കെതിരായ വികാരവും മുതലെടുത്തു. ഡീൽ ഉൾപ്പെടെ ഈ തെരഞ്ഞെടുപ്പിന്‍റെ അജണ്ടയൊരുക്കിയത് യുഡിഎഫായിരുന്നു. എതിരാളികൾക്ക് ആ വഴി വരേണ്ടി വന്നു. സിപിഎം നിലനിൽക്കാൻ തോൽവിയുടെ മരുന്ന് വേണമെന്ന് കരുതിയ കമ്യൂണിസ്റ്റുകാർക്ക് കൈപ്പത്തിക്ക് കുത്താൻ മടിയുണ്ടായില്ല. അത് യുഡിഎഫിന് നേട്ടമായി. ദുഷിപ്പ് തിരുത്താനിടയില്ലെന്ന് കണ്ട് ഇറങ്ങിപ്പോന്നവരെ കൂടെക്കൂട്ടിയതും വിസ്മയമായി.

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര ഉൾപ്പെടെ ഗ്യാരന്‍റികൾ വോട്ടർമാരെ ആകർഷിച്ചു. ജയിക്കാനാകും എന്ന ആത്മവിശ്വാസം അച്ചട്ടാക്കിയാണ് അധികാരത്തിലേക്ക് യുഡിഎഫ് കാലെടുത്തുവയ്ക്കുന്നത്. പത്ത് വർഷം മുമ്പുളള കേരളത്തെക്കുറിച്ചുളള ഓർമപ്പെടുത്തലുകൾക്ക് രാഷ്ട്രീയ മറുപടി നൽകൽ മുന്നിലുളള വെല്ലുവിളി.