തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. വിശ്വാസ വഞ്ചന, ക്രിമിനൽ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇതുസംബന്ധിച്ച്  ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

പിഎസ്‍സിയുടെ കോൺസ്റ്റബിള്‍ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ മുൻ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികൾ ശ്രമിച്ചത്.

പിഎസ്‍സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ശിവരഞ്ജിത്തും നസീമും ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഉള്ളത്. 

റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മൊബൈൽ ഫോണിൽ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകള്‍ കണ്ടെത്തുക എന്നത് ഏറെ നിർണായകമാണ്. ഈ ഫോണുകളിൽ നിന്നാണ് ഫോറൻസിക് പരിശോധനയിലൂടെ പ്രധാനതെളിവുകള്‍ കണ്ടെത്തേണ്ടത്. 

അറസ്റ്റ് നീണ്ടുപോകുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. പരീക്ഷ ക്രമക്കേടിൽ പിഎസ്‍സിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം  ഉയര്‍ത്തിയിരുന്നു. ഉന്നത സ്വാധീനമുള്ളയാൾക്ക് ചോദ്യപ്പേപ്പറും ഉയർന്ന മാർക്കും കിട്ടുന്നസ്ഥിതിയാണോ പരീക്ഷയിലെന്ന് കോടതി ചോദിച്ചു. പരീക്ഷ തട്ടിപ്പ് കേസിലെ നാലം പ്രതി സഫീർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു വിമർശനം.

പിഎസ്‍സിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണെന്ന് വിമർശിച്ച കോടതി എങ്ങനെയാണ് പരീക്ഷ ഹാളിൽ മൊബൈൽ ഫോൺ ലഭിക്കുന്നതെന്ന് ചോദിച്ചു. മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലുണ്ടെന്ന കാരണം പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമല്ല. സുപ്രീം കോടതിയിൽ ജാമ്യ ഹ‍ർജി നൽകിയ മുൻ ആഭ്യന്തരമന്ത്രിയെ വരെ അറസ്റ്റ് ചെയ്തെന്നും കോടതി വ്യക്തമാക്കി.