Asianet News MalayalamAsianet News Malayalam

Norovirus| വയനാട്ടിൽ നോറോവൈറസ്, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി, നിങ്ങളറിയേണ്ടത്

ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.   

Norovirus Confirmed In Kerala Wayanad High Alert
Author
Wayanad, First Published Nov 12, 2021, 6:15 PM IST

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥികളിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വ്യാപനത്തോത് കൂടിയ നോറോവൈറസ് ബാധ കൂടി കൊവിഡ് മഹാമാരിക്കാലത്ത് കണ്ടെത്തിയതോടെ, വയനാട്ടിൽ ആരോഗ്യസംവിധാനങ്ങൾ മൊത്തത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. നോറോ വൈറസ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുടിവെള്ള സ്രോതസ്സുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്താനും നിർദേശം നൽകി. 

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.   

പൂക്കോട് വെറ്ററിനറി കോളേജിലെ കുടിവെള്ളസ്രോതസ്സ് മലിനമാക്കപ്പെട്ടതാണ് രോഗം പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി ഭക്ഷണം പാകംചെയ്യുന്നതിൽ ശ്രദ്ധ വേണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പാചകത്തൊഴിലാളികളും ജാഗ്രത പുലർത്തണം. 

വ്യാഴാഴ്ച ആലപ്പുഴ നാഷണൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച 30 സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിൽ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ നേത്യത്വത്തിൽ വിദഗ്ദ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. കേരളത്തിൽ ഇതിന് മുൻപ് നോറോ വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വയനാട് ജില്ലാ കളക്ടർ നിർദേശിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളിലായി ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

നോറോ വൈറസ്, നിങ്ങളറിയേണ്ടത്

എന്താണ് നോറോവൈറസ്? ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ രോഗമാണ് നോറോവൈറസ് മൂലം സംഭവിക്കുന്നത്. വയറിന്‍റെയും കുടലിന്‍റെയും അതിരുകളിൽ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യും. 

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കാം.

വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്. രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ട് ദിവസങ്ങള്‍ വരെ രോഗിയില്‍ നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

.  ആഹാരത്തിനു മുമ്പും, ടോയ്ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്‍റ് നേരമെങ്കിലും നന്നായി കഴുകുക. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
. വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
. പഴങ്ങളും പച്ചക്കറികളും പല പ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
. തണുത്തതും പഴകിയതും, തുറന്നു വെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
. കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

Follow Us:
Download App:
  • android
  • ios