ടെസ്റ്റ് ചെയ്യാൻ പോയത് രോഗലക്ഷണം ഉണ്ടായതുകൊണ്ടല്ല. മകൾക്ക് രോഗബാധയുണ്ടായി. അതുമായി ബന്ധപ്പെട്ട് താനും പരിശോധന നടത്തേണ്ടതുണ്ടായിരുന്നു...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ താൻ കൊവിഡ് ബാധിതനായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ നാലിന് രോഗം ബാധിച്ചിരുന്നില്ല. അഞ്ചിനും ആറിനും പൂർണ്ണ ആരോഗ്യവാനായിരുന്നു. ആറിന് വോട്ട് ചെയ്യാൻ പോയി. ഏഴിനും താൻ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ടെസ്റ്റ് ചെയ്യാൻ പോയത് രോഗലക്ഷണം ഉണ്ടായതുകൊണ്ടല്ല. മകൾക്ക് രോഗബാധയുണ്ടായി. അതുമായി ബന്ധപ്പെട്ട് താനും പരിശോധന നടത്തേണ്ടതുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. അപ്പോഴും തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഭാര്യ കമല രോഗബാധിതനായ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്ത സംഭവം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ കുടുംബ ബനധത്തിന്റെ കാര്യമാണെന്ന മറുപടിയാണ് പിണറായി വിജയൻ നൽകിയത്. കുടുംബ ബന്ധത്തിൽ അതൊക്കെ സ്വാഭാവികമാണ്. എനിക്ക് രോഗബാധയുണ്ടെന്ന് കണ്ടപ്പോൾ എന്റെ കൂടെ ഭാര്യ വന്നു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ അടുത്ത ടെസ്റ്റിൽ അവർക്കും രോഗബാധയുണ്ടെന്ന് കണ്ടു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പിന്നെ വീട്ടിൽ കഴിയേണ്ട കാര്യമുള്ളൂ അതിനാൽ ഭാര്യ എന്റെ കൂടെ വന്നു. ഞാനായതിനാൽ വിവാദമായി. എന്നാൽ ഇതെല്ലാം സാധാരണ ഗതിയിൽ നടക്കുന്ന കാര്യമല്ലേ - മുഖ്യമന്ത്രി ചോദിച്ചു.
