പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോൾ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരൻ വ്യക്തമാക്കി

ആലപ്പുഴയിൽ സംഘടിപ്പിച്ച സിബിസി വാര്യര്‍ സ്മൃതി പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയ വിഷയത്തിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടിയിൽ നിന്ന് ഇറങ്ങി പോയതല്ലെന്നും 12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നുവെന്നുമാണ് വിശദീകരണം. പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോൾ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരൻ വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ വന്നില്ലല്ലോ, അതെന്താണ് വാർത്തയാക്കാത്തതെന്നും ചോദിച്ച ജി സുധാകരൻ മാധ്യമപ്രവർത്തകർക്ക് ഭ്രാന്താണെന്നും വിമർശിച്ചു. 

ഇന്ന് രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം. പുരസ്കാര സമര്‍പ്പണത്തിനായാണ് ജി സുധാകരൻ എത്തിയത്. പത്ത് മണിക്ക് പരിപാടി തുടങ്ങുമെന്ന് അറിയിച്ചത് പ്രകാരം സുധാകരൻ പത്ത് മണിക്ക് തന്നെ വേദിയിലെത്തി. എന്നാല്‍, ഏറെ നേരം കാത്തിരുന്നിട്ടും മറ്റു അതിഥികള്‍ എത്തിയില്ല. സംഘാടകരും മറ്റു ക്ഷണിക്കപ്പെട്ടവരും എത്തിയെങ്കിലും ഉദ്ഘാടക പോലും 10.30നാണ് എത്തിയത്.

തുടര്‍ന്ന് 11 മണിയോടെയാണ് പരിപാടി ആരംഭിച്ചത്. ഇതിനിടെയാണ് പരിപാടി ആരംഭിക്കാൻ വൈകിയതിനെ തുടര്‍ന്ന് സംഘാടകരോട് ക്ഷോഭിച്ചുകൊണ്ട് ജി സുധാകരൻ പുറത്തേക്ക് പോയത്. മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലായിരുന്നു സുധാകരന്‍റെ ഇറങ്ങിപ്പോക്ക്.

YouTube video player