കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക്  കത്തയച്ചെന്ന ആരോപണം തളളി മേയര്‍ രാജേന്ദ്രന്‍ രംഗത്ത്. മേയറുടെ കത്ത് കണ്ടിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം:കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ട്.പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. ആരോപണം തള്ളി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തുവന്നു.

ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ല .കത്ത് വ്യാജമാണെന്ന് ഇപ്പോൾ പറയാൻ ആകില്ല. മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാം. ഗൗരവകരമായ പ്രശ്നമാണ്.ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് അയച്ചിരിക്കുന്നത്. പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിനാണ്. അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. ഈ മാസം ഒന്നിനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.