Asianet News MalayalamAsianet News Malayalam

റേഷൻ മാത്രമല്ല, ഗ്യാസ് സിലിണ്ടര്‍ മുതൽ ബാങ്കിങ് വരെ, ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ തുറക്കുമെന്ന് മന്ത്രി

ജനങ്ങൾ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷൻ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. 

Not only ration  but from gas cylinder to banking thousand k stores will be opened before Onam
Author
First Published Aug 23, 2024, 9:21 PM IST | Last Updated Aug 23, 2024, 9:21 PM IST

തിരുവനന്തപുരം: സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ  സ്റ്റോറുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ജനങ്ങൾ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷൻ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. കെ സ്റ്റോറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവർധനക്കെതിരെയുള്ള സർക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു. 

നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ മുക്കോലയ്ക്കലുള്ള 260 നമ്പർ റേഷൻകടയും , കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോട് സ്ഥിതിചെയ്യുന്ന 70 നമ്പർ റേഷൻ കടയുമാണ്  കെ-സ്റ്റോറുകളായി മാറ്റിയത്. പശ്ചാത്തലസൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ സേവനങ്ങൾ ഒരുക്കിയുമാണ് റേഷൻ കടകളെ കെ-സ്‌റ്റോറുകളാക്കുന്നത്.

നിലവിൽ റേഷൻ കാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി,മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളിൽ ലഭിക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ 52 ഇനം സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും കെ-സ്‌റ്റോറിലുണ്ട്.  

മൂന്ന് ഘട്ടങ്ങളിലായി നെടുമങ്ങാട് താലൂക്കിൽ 22 റേഷൻ കടകളെ കെ-സ്‌റ്റോറുകളായി മാറ്റിയിട്ടുണ്ട്. നാലാം ഘട്ടത്തിൽ 15 റേഷൻ കടകളാണ് കെ-സ്‌റ്റോറുകളായി മാറുന്നത്. മുക്കോലക്കൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജയും വേങ്കോട് നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണിയും അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗൺസിലർ പ്രിയ പി നായർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി എന്നിവർ കെ സ്റ്റോറുകളിലെ ആദ്യ വിൽപന നടത്തി.

വാങ്ങാൻ ആളും സാധനങ്ങളും ഇല്ല; കെ-സ്റ്റോർ നടത്തിപ്പ് ബാധ്യതയായി, വാടക കൊടുക്കാൻ പോലും വരുമാനമില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios