രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുന്നതിനുള്ള പഠനം നടത്താന്‍ കെഎംആര്‍എല്ലിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് 

കൊച്ചി: വാട്ടര്‍ മെട്രോ ഇന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധ ആകര്‍ഷിക്കുന്ന നിലയിലേക്ക് വളര്‍ന്നുവെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി.പി രാജീവ്. കൊച്ചി മെട്രോ കളമശേരിയില്‍ ബി പി സി എല്ലുമായി ചേർന്ന് ആരംഭിച്ച ഫ്യൂവല്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുന്നതിനുള്ള പഠനം നടത്താന്‍ കെഎംആര്‍എല്ലിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നത് കേരളത്തിനാകെ അഭിമാനകരമാണെന്നും കൊച്ചി മെട്രോ ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഈ കാല ഘട്ടത്തില്‍ പരമവാധി പച്ചപ്പ് സംരക്ഷിക്കണമെന്നും സാമ്പത്തികമായ ഞെരുക്കം കെഎംആര്‍എല്ലിന് ഉണ്ടെങ്കില്‍ പോലും വിവിധ ഏജന്‍സികളുമായി ചേര്‍ന്ന മെട്രോയുടെ തൂണുകള്‍ക്കിടയിലെ പച്ചപ്പ് നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമത്തിലൂടെ കഴിയുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മിക്ക മെട്രോകളും സാമ്പത്തികമായി ലാഭത്തിലല്ല എന്നും കൊച്ചി മെട്രോയാകട്ടെ ലാഭം വര്‍ധിപ്പിക്കാന്‍ ബഹുവിധ ശ്രമങ്ങളാണ് നടത്തുന്നത് എന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഫ്യവല്‍ സ്റ്റേഷനെന്നും ഇതൊരു നല്ല മാതൃകയാണ് എന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എംപി പറഞ്ഞു. മെട്രോലൈനിലെ മിഡിയനിലിലെ പച്ചപ്പ് നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ പെട്രോള്‍, ഡിസല്‍ വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ചാര്‍ജിംഗിന് സ്റ്റേഷനില്‍ സൗകര്യമുണ്ടെന്നും സിഎന്‍ജി ഉടനെ തന്നെ ലഭ്യമാക്കുമെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ചടങ്ങില്‍ കളമശേരി നഗര സഭ കൗണ്‍സിലര്‍ നഷീദ സലാം, കെഎംആര്‍എല്‍ ഡയറക്ടര്‍മാരായ ഡോ. എം.പി രാംനവാസ്, സഞ്ജയ് കുമാര്‍
കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍(ഐ/സി) ശങ്കര്‍ എം, ബിപിസിഎല്‍ ഹെഡ് റീറ്റെയ്ല്‍ സൗത്ത് രവി ആര്‍ സഹായ്, സ്റ്റേറ്റ് ഹെഡ് (റീറ്റെയ്ല്‍) കേരള, ഹരി കിഷെന്‍ വി ആര്‍ എന്നിവര്‍ സംസാരിച്ചു. കളമശേരി മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഫ്യൂവല്‍ സ്റ്റേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.