കൊച്ചി: കർദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ വ്യാജ രേഖ ചമച്ചെന്ന കേസിൽ മധ്യസ്ഥ ശ്രമത്തിന് സാധ്യത തേടിയ ഹൈക്കോടതി നിര്‍ദേശം തള്ളി സഭ മീഡിയ കമ്മീഷൻ . സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് കുര്യൻ ജോസഫിനെ മധ്യസ്ഥനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.  എന്നാൽ സത്യം പുറത്തു വരുന്നത് വരെ കേസിൽ സമവായത്തിനില്ലെന്ന് സിറോ മലബാർ സഭ മീഡിയ കമ്മീഷൻ വ്യക്തമാക്കി.

എഫ്ഐആർ റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഫാ. പോള് തേലക്കാടിന്റെയും ടോണി കല്ലൂക്കാരന്റെയും അപേക്ഷ പരിഗണിക്കവെയാണ് മധ്യസ്ഥ സാധ്യതകളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞത്. മധ്യസ്ഥനായി ജസ്റ്റിസ് കുര്യൻ ജോസഫിനെ നിയമിക്കുന്നതിനെ കുറിച്ച് ജൂൺ പത്തിന്  മുന്‍പ് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ കേസിലെ സത്യം പുറത്തുവരുന്നത് വരെ സമവായത്തിനില്ലെന്ന നിലപാടുമായി സിറോ മലബാർ മീഡിയ കമ്മീഷൻ രംഗത്തെത്തി. 

സത്യം കണ്ടെത്തും വരെ സമവായത്തിനില്ലെന്ന് വ്യക്തമാക്കിയ കമ്മീഷൻ വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യവും ആവർത്തിച്ചു. ഇതിനിടെ വ്യാജ രേഖ കേസിൽ ജാമ്യം ലഭിച്ച ആദിത്യന് പുറത്തിറങ്ങി. എം ടെക് പരീക്ഷ എഴുതണമെന്ന ആവശ്യം പരിഗണിച്ചാണ് എറണാകുളം സെഷൻസ് കോടതി ആദിത്യന് ജാമ്യം അനുവദിച്ചത്.  തെളിവ് നശിപ്പിക്കുമെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉള്ളതിനാൽ ആദിത്യന് ജാമ്യം അനുവദിക്കരുതെന്നും ഉള്ള പ്രോസിക്യൂഷൻ വാദവും കോടതി തള്ളി.   കേസിലെ സത്യം പുറത്തു വരുമെന്ന് ജയിൽ മോചിതനായ ശേഷം ആദിത്യൻ പ്രതികരിച്ചു. പൊലീസ് മർദനത്തിനിരയാക്കിയെന്ന ആരോപണം ആദിത്യൻ ഇന്നും ആവർത്തിച്ചു.

കേസിലെ മറ്റു പ്രതികളുമായി ബന്ധപ്പെടരുത്, കൊരട്ടി, എറണാകുളം നോർത്ത് എന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, വൈദികരെ ചോദ്യം ചെയ്യുന്പോൾ പൊലീസ് അവശ്യപ്പെട്ടാൽ ഹാജരാകണം എന്നീ ഉപാധികളെടെയാണ് ജാമ്യം.  അതേ സമയം കേസിലെ പ്രതികളായ ഫാ. പോൾ തേലക്കാട്, ഫാ. ആൻറണി കല്ലൂക്കാരാൻ എന്നിവർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. നാളെ മുതൽ എഴു ദിവസത്തേക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ആലുവ ഡിവൈഎസ്പി ഓഫീസിൽ അഭിഭാഷകർക്കൊപ്പം ഹാജരാകുക.