Asianet News MalayalamAsianet News Malayalam

ഇതരസംസ്ഥാനത്ത് നിന്നുള്ള മടക്കം; പാസ് കൊടുക്കുന്നത് നിര്‍ത്തിയിട്ടില്ല, പക്ഷേ പ്രശ്നം ഇതാണെന്ന് മുഖ്യമന്ത്രി

മുൻപ് റെഡ് സോണിൽ നിന്ന് വന്നവരെ കണ്ടെത്തി സർക്കാർ ക്വാറന്‍റൈൻ സൗകര്യത്തിലേക്ക് മാറ്റുകയാണ്. റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. ഈ ജില്ലകളിൽ നിന്ന് വരുന്ന പ്രായമായവരും പത്ത് വയസിൽ താഴെയുള്ളവരും വീടുകളിൽ കഴിഞ്ഞാൽ മതി

not stopped giving pass to keralites from other states says pinarayi vijayan
Author
Thiruvananthapuram, First Published May 8, 2020, 5:50 PM IST

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെ വരാനുള്ള പ്രത്യേക രജിസ്ട്രേഷനും പാസുകള്‍ നല്‍കുന്നതും നിര്‍ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 86679 പേർ ഇതുവരെ പാസുകൾക്കായി രജിസ്റ്റർ ചെയ്തു. ഇതിൽ 37801 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. രജിസ്റ്റർ ചെയ്തവരിൽ 45814 പേർക്ക് പാസ് നൽകി. പാസ് കിട്ടിയവരിൽ 19476 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇതുവരെ 16355 പേർ എത്തിച്ചേർന്നു.

അതിൽ 8912 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇന്നലെ വന്നവരിൽ 3216 പേർ ക്വാറന്‍റൈനിലേക്ക് മാറ്റി. മുൻപ് റെഡ് സോണിൽ നിന്ന് വന്നവരെ കണ്ടെത്തി സർക്കാർ ക്വാറന്‍റൈൻ സൗകര്യത്തിലേക്ക് മാറ്റുകയാണ്. റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. ഈ ജില്ലകളിൽ നിന്ന് വരുന്ന പ്രായമായവരും പത്ത് വയസിൽ താഴെയുള്ളവരും വീടുകളിൽ കഴിഞ്ഞാൽ മതി. ഗർഭിണികൾ 14 ദിവസം വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണം.

നേരത്തെ വന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റുകയാണ്. റെഡ് സോണിൽ നിന്ന് വന്നവരെ ചെക്പോസ്റ്റിൽ നിന്ന് ക്വാറന്റീനിലേക്ക് മാറ്റും. മറ്റുള്ളവർക്ക് പാസ് അനുവദിക്കുന്നത് തുടരും. ഒരു ദിവസം ഇങ്ങോട്ടെത്താൻ പറ്റുന്ന അത്രയും പേർക്ക് പാസ് നൽകും. ഇവരെ കുറിച്ച് വ്യക്തമായ ധാരണ അവരെത്തുന്ന ജില്ലയ്ക്കും ഉണ്ടാകണം. പാസ് വിതരണം നിർത്തിവച്ചിട്ടില്ല.

ക്രമത്തിൽ വിതരണം ചെയ്യും. ക്രമവത്കരണം മാത്രമാണ് ചെയ്തത്. റെഡ് സോൺ ജില്ലയിൽ വരുന്നുവെന്നത് കൊണ്ട് ആരെയും തടയില്ല. ഇതിനെല്ലാം വ്യക്തമായ പ്രക്രിയ സജ്ജമായി. രജിസ്റ്റർ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല. ചിലർ അതിർത്തിയിലെത്തി ബഹളം വയ്ക്കുന്നു. അവർ എവിടെ നിന്നാണോ വരുന്നത് അവിടെ നിന്നും കേരളത്തിൽ എത്തേണ്ട ജില്ലയിൽ നിന്നും പാസെടുക്കണം. എത്താൻ ആവശ്യപ്പെട്ട സമയത്ത് അതിർത്തിയിൽ എത്തണം.

ചിലർ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു. ഇവിടെ അറിയിക്കുന്നില്ല. ഇവിടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കാനാണ് രജിസ്ട്രേഷന്‍. തിരക്കിനിടയാകുന്നത് സമയം തെറ്റി വരുന്നവർ കാരണമാണ്. അല്ലെങ്കിൽ നേരത്തെ ക്രമീകരിച്ച പോലെ കാര്യങ്ങൾ പോകും. അതിർത്തി കടക്കുന്നവർ കൃത്യമായ പരിശോധന ഇല്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങൾ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിർത്തിയിൽ ശാരീരിക അകലം പാലിക്കുന്നില്ല. അത് ചെയ്യരുത്.

അതിൽ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ശ്രദ്ധിക്കണം. അതിർത്തിയിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. ഗർഭിണികൾക്കും വയോധികർക്കും ക്യൂ ഏര്‍പ്പെടുത്തും. ഇതര സംസ്ഥാനത്ത് കുടുങ്ങിയ വിദ്യാർത്ഥികൾക്കായി ട്രെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ടു. ട്രെയിൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ദില്ലിയിലും സമീപ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ദില്ലിയിലെത്തിച്ച് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിനിൽ കൊണ്ടുവരാനാണ് ആലോചന.

ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളുണ്ട്. അവരെ തിരിച്ചെത്തിക്കുന്ന കാര്യം ദ്വീപിലെ ഭരണാധികാരിയുമായി സംസാരിച്ചു. അവരെ കപ്പലിൽ അയക്കും. കൊച്ചിയിൽ സ്ക്രീനിങ് നടത്തി വീടുകളിലേക്ക് അയക്കും. ലക്ഷദ്വീപിൽ കൊവിഡ് കേസില്ല. കപ്പലിൽ വിദേശത്ത് നിന്ന് എത്തുന്നവരിൽ മറ്റ് സംസ്ഥാനക്കാരുമുണ്ട്. അവർക്കിവിടെ ക്വാറന്‍റൈൻ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios