Asianet News MalayalamAsianet News Malayalam

'144 പ്രഖ്യാപിച്ചതില്‍ ആശങ്ക വേണ്ട'; നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ഡിജിപി

ആൾക്കൂട്ടം തടയാൻ 144 പ്രാബല്യത്തിലായെങ്കിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും സാമൂഹ്യ അകലം പാലിച്ച് ആവശ്യക്കാർക്ക് സാധനങ്ങൾ വാങ്ങാം. പൊതു ഗതാതഗതത്തിനും അഞ്ച് പേർ എന്നത് ബാധകമല്ല. ആരാധനാലയങ്ങളിൽ 20പേരെ വരെ അനുവദിക്കും. എന്നാൽ, ചെറിയ ആരാധനാലയങ്ങളിൽ വിശ്വാസികളെ കുറയ്ക്കണം

not to worry about 144 imposed in kerala says dgp
Author
Thiruvananthapuram, First Published Oct 4, 2020, 6:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വന്ന പുതിയ നിയന്ത്രണങ്ങളിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആൾക്കൂട്ടം തടയാൻ 144 പ്രാബല്യത്തിലായെങ്കിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും സാമൂഹ്യ അകലം പാലിച്ച് ആവശ്യക്കാർക്ക് സാധനങ്ങൾ വാങ്ങാം. പൊതു ഗതാതഗതത്തിനും അഞ്ച് പേർ എന്നത് ബാധകമല്ല.

ആരാധനാലയങ്ങളിൽ 20പേരെ വരെ അനുവദിക്കും. എന്നാൽ, ചെറിയ ആരാധനാലയങ്ങളിൽ വിശ്വാസികളെ കുറയ്ക്കണം. ഇതുവരെ പ്രഖ്യാപിച്ച പരീക്ഷകൾ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് നടക്കുമെന്നും ബെഹ്റ വ്യക്തമാക്കി. പ്രതിദിനം വര്‍ദ്ധിക്കുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്നലെ മുതലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടകൾക്കും ബാങ്കുകൾക്കും മുന്നിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്നുള്ളതാണ് പ്രധാന നിര്‍ദേശം. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.

 വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം എല്ലായിടത്തും ബാധകമാണ്. സർക്കാർ ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ പ്രാർത്ഥനകൾ, രാഷ്ട്രീയ-സാമൂഹ്യ പരിപാടികൾ എന്നിവയിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ.

തിരുവനന്തപുരത്ത് കണ്ടെയിൻമെൻറ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ടെയിൻമെൻറ് സോണിലെ വിവാഹം-മരണം സംബന്ധിച്ച ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. സോണിന് പുറത്ത് വിവാഹ ചടങ്ങിൽ 50 പേർ വരെയാകാം. മറ്റ് ജില്ലകളിൽ വിവാഹചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങിൽ 20 പേരും എന്നതാണ് നിർദ്ദേശം. 

പിഎസ് സി അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പൊതുഗതാഗതത്തിന് തടസ്സമില്ല. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ബാങ്കുകൾ ഹോട്ടലുകൾ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് പ്രവർത്തിക്കും. നിരോധനാജ്ഞ അല്ലാതെ സമ്പൂർണ്ണ അടച്ചിടൽ എവിടെയും ഇല്ല. ഈ മാസം15 മുതൽ  കേന്ദ്രത്തിൻറെ പുതിയ അൺലോക്ക് ഇളവുകൾ നിലവിൽ വരുമെങ്കിലും സ്കൂൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

15ന് മുമ്പ് സ്ഥിതിഗതികൾ ഒന്നുകൂടി വിലയിരുത്തി തുടർനടപടികളെടുക്കും. അതേസമയം, സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുകയാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 7834  കൊവിഡ് കേസുകളില്‍ 6850 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 648 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 836 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 903 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 900 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 759 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 771 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 607 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 342 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 325 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 333 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 236 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കണ്ണൂര്‍ 23, പത്തനംതിട്ട 11, കോഴിക്കോട് 9, എറണാകുളം 8, കാസര്‍ഗോഡ് 5, പാലക്കാട്, മലപ്പുറം 4 വീതം, കോട്ടയം 3, തൃശൂര്‍, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

Follow Us:
Download App:
  • android
  • ios