77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് രാജ്യം. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.

തിരുവനന്തപുരം: 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് രാജ്യം. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും. 

മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് സന്ദേശം നല്‍കും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിലടക്കം ദേശീയപതാക ഉയർത്തുന്നുണ്ട്. ഇങ്ങനെ ദേശീയ പതാക ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ട് പൊതു ഭരണ വകുപ്പ് എത്തിയിരുന്നു.

പതാക ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോട്ടിയായി മുന്നറിയിപ്പുമായി പെതുഭരണവകുപ്പ്. സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. 

ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുത്.

Read more: സ്വാതന്ത്ര്യ ദിനാഘോഷം; ഒരുക്കങ്ങൾ പൂർത്തിയാക്കി ഒമാനിലെ ഇന്ത്യൻ സമൂഹം

വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു ദേശീയ പതാക എല്ലാ ദിവസും ഉയര്‍ത്താം. വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിര്‍ത്തിയാകണം ഇത്. പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചു 2002ലെ ഫ്‌ളാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാര്‍ട്ട് -2ല്‍ 2022 ജൂലൈ 20നു ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്‌ളാഗ് കോഡ് സെക്ഷന്‍ -9ന്റെ പാര്‍ട്ട് മൂന്നില്‍ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുതെന്നും ഫ്‌ളാഗ് കോഡില്‍ പറയുന്നു.