തിരുവനന്തപുരം: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തിരുവനന്തപുരത്തെ ഗുണ്ടകൾ ഒത്തുചേർന്ന സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഈ മാസം ഒന്നിനാണ് ചേന്തി അനിയുടെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നത്. അനിയുടെ അമ്മയുടെ ചരമവാർഷിക ദിനത്തിൽ ഒരു മണിക്കൂർ മാത്രമാണ് ഇവർ ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ സമയത്ത് നാട്ടുകാരും ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 15 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കഴക്കൂട്ടം എസിപിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.

തിരുവനന്തപുരം ഡിസിസി അംഗമാണ് ചേന്തി അനി. ഇദ്ദേഹത്തിന്റെ ചേന്തിയിലെ ഒരു വീട്ടിൽ ഈ മാസം ഒന്നിനാണ് ഗുണ്ടകൾ കൂടിയത്. ഈ വീടിന് മുന്നിൽ വച്ചാണ് ഈ മാസം രണ്ടിന് യുവാവിനെ വെട്ടിയത്. നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിനാണ് വെട്ടേറ്റത്. ദീപുവെന്ന ഗുണ്ടയാണ് വെട്ടിയത്. രണ്ട് പേരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ചേന്തിയില്‍ വച്ച് ആക്രമണമുണ്ടായത്. നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് വെട്ടേറ്റ ശരത് ലാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.