തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് ഓപ്ഷന്‍ ക്ഷണിച്ചുള്ള വിജ്ഞാപനമിറങ്ങി.മുന്‍ വര്‍ഷത്തെ ഫീസ് നിരക്കിലായിരിക്കും പ്രവേശനം. സര്‍ക്കാരിന്‍റെ തുടര്‍ തീരുമാനം അനുസരിച്ച് ഫീസില്‍ മാറ്റം ഉണ്ടാകുമെന്നും അറിയിപ്പ്. ഫീസ് പുതുക്കി നിശ്ചയിക്കാൻ വൈകിയത് മൂലം മെ‍ഡിക്കൽ പ്രവേശനനടപടികൾ അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് താൽക്കാലിക ഫീസിൽ പ്രവേശന നടപടി തുടങ്ങുന്നത്. മെഡിക്കല്‍ പ്രവേശനത്തിന് പ്രവേശന മേല്‍നോട്ട സമിതിയും ഫീസ് നിയന്ത്രണ സമിതിയും രൂപീകരിച്ചു. റിട്ട: ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബുവാണ് ചെയര്‍പേഴ്സണ്‍. 

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ മെമ്പര്‍ സെക്രട്ടറിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് എസ്. സുരേഷ്ബാബു തുടങ്ങിയവര്‍ അംഗങ്ങളുമായതാണ് ഫീസ് നിയന്ത്രണ സമിതി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറി (എക്‌സ് ഒഫിഷ്യോ), പ്രവേശന പരീക്ഷാ കമ്മീഷണര്‍ (എക്‌സ് ഒഫിഷ്യോ) തുടങ്ങിയവര്‍ അംഗങ്ങളുമായതാണ് പ്രവേശന മേല്‍നോട്ട സമിതി.

താൽക്കാലിക ഫീസിലെ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് മാനേജ്മെനറുകൾ തിങ്കളാഴ്ച് സുപ്രീം കോടതിയെ സമീപിക്കും. താൽക്കാലിക ഫീസിൽ പ്രവേശനം പാടില്ലെന്ന സുപ്രീം കോടതിയുടെ മുൻവിധിയാണ് മാനേജ്മെന്‍റുകളുടെ ആയുധം. എന്നാൽ  ഫീസ് കൂട്ടണമെന്നാണ് മാനേജ്മെൻറുകളുടെ  യഥാർത്ഥ ആഗ്രഹം. അഞ്ചരലക്ഷം മൂതൽ ആറര ലക്ഷം വരെയുള്ള മുൻ വർഷത്തെ ഫീസിനെതിരായ മാനേജ്മെൻറുകളുടെ പരാതി കോടതിയുടെ പരിഗണനയിലാണ്. മൂന്നിന് മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിൽ മാനേജ്മെൻറുകൾ തീരുമാനമെടുത്തിട്ടില്ല. ഫീസും പ്രവേശനവും നിയന്ത്രിക്കാനുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ പുന:സംഘടിപ്പാക്കാനുള്ള സർക്കാർ വൈകിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കുള്ള കാരണം.